APP DOWNLOAD

TRENDING

കെ.എം ഷാജിയുടെ അപ്പീല്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി; നിയമസഭാ നടപടികളില്‍ പങ്കെടുക്കാം'



കെ.എം ഷാജി എംഎല്‍എയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. അപ്പീല്‍ സംബന്ധിച്ച് വിധിയുണ്ടാകുന്നത് വരെ സഭാ നടപടികളില്‍ പങ്കെടുക്കാം. എന്നാല്‍ എംഎല്‍എ എന്ന നിലയിലുളള ശമ്പളം അടക്കമുളള ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

അപ്പീല്‍ അടിയന്തരമായി പരിഗണിക്കാന്‍ ആകില്ലെന്നും തിയതി നിശ്ചയിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി സ്‌റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്നും കെ.എം ഷാജിയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.

കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി നേരത്തെ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതിന്റെ സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ വാക്കാലുളള നിരീക്ഷണങ്ങള്‍.

വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തതില്‍ കെഎം ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്നും ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വര്‍ഗീയമായി വോട്ട് പിടിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎം ഷാജിയെ ഹൈക്കോടതി ആറുവര്‍ഷത്തേക്ക് അയോഗ്യനാക്കിയത്.

അയോഗ്യനാക്കിയ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുന്നതുവരെ വിധി സ്റ്റേ ചെയ്യണമെന്ന് കെഎം ഷാജി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്.

No comments