കെ.ടി.ജലീലിന്റെ വാദങ്ങള്‍ പൊളിയുന്നു;അദീബിന്റെ യോഗ്യതയും വിവാദത്തില്‍
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട കെ.ടി.ജലീലിന്റെ ബന്ധു അദീബിന്റെ യോഗ്യതയും വിവാദത്തില്‍. അദീബിന്റെ പിജിഡിബിഎ കോഴ്സിന് അംഗീകാരമില്ല. കേരളത്തിലെ സര്‍വകലാശാലകള്‍ കോഴ്സ് അംഗീകരിച്ചിട്ടില്ല. അണ്ണാമല സര്‍വകലാശാലയുടെ പിജിഡിബിഎ കോഴ്സിന് അംഗീകാരമില്ല. കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്ന വാദമാണ് പൊളിയുന്നത്.
അതേസമയം, സംസ്ഥാന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും മന്ത്രി കെ.ടി ജലീല്‍ മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയതായി പരാതിയുയര്‍ന്നിട്ടുണ്ട്. മലപ്പുറം കൊളപ്പുറത്തെ യുവജന പരിശീലന കേന്ദ്രത്തിലെ മുന്‍ ജീവനക്കാരാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയിലെ കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തില്‍ ക്ലര്‍ക്ക് തസ്തികയിലും കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലും മന്ത്രി കെ.ടി ജലീല്‍ സ്വന്തക്കാരെ നിയമിച്ചതായാണ് ആരോപണം. അധിക യോഗ്യതയുള്ളവരെ തഴഞ്ഞ് മന്ത്രിയുടെ സുഹൃത്തിന്റെ മകനെയാണ് ക്ലര്‍ക്ക് ആയി നിയമിച്ചത്.
ഇതേ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമിച്ചത് മന്ത്രിയുടെ അയല്‍വാസിയായ പെണ്‍കുട്ടിയെയും ആണ്. പത്രപരസ്യം പോലും നല്‍കാതെ വെബ്‌സൈറ്റില്‍ മാത്രം പരസ്യം നല്‍കിയായിരുന്നു നിയമനം എന്നാണ് ആരോപണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള മലപ്പുറത്തെ 4 കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 16 സെന്ററുകളിലും നിയമനവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നുണ്ട്.



No comments