കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിച്ചു; പ്രദേശത്ത് ഇന്ന് ഹർത്താൽ
കണ്ണൂര്‍:മീത്തല്‍ കുന്നോത്തുപറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. ഇന്നലെ പാതിരാത്രിക്കു ശേഷമാണ് സംഭവം. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
മീത്തലെ കുന്നോത്തുപറമ്പിലെ കോണ്‍ഗ്രസിന്റെ ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന വി. അശോകന്‍ സ്മാരകത്തിനാണ് തീയിട്ടത്. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നില തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. മുകളിലത്തെ നിലയിലുണ്ടായിരുന്ന ഉപകരണങ്ങളും കൊടിതോരണങ്ങളും നശിച്ചിട്ടുണ്ട്.
സമീപകാലങ്ങളില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാത്ത മേഖലയാണിത്. സിപിഎം നേതാക്കള്‍ നേരിട്ട് സ്ഥലത്തെത്തുകയും തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ചതില്‍ പ്രതിക്ഷേധിച്ച് ഇന്ന് കാലത്ത് 6 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കുന്നോത്ത് പമ്പ് ,ജാതിക്കൂട്ടം, പാറാട്ട് മേഖലകളിലാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാനൂര്‍ സി.ഐ വി വി ബെന്നിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.



No comments