APP DOWNLOAD

TRENDING

കണ്ണൂർ സെൻട്രൽ ജയിലിൽ കഞ്ചാവും മദ്യവും ;വിവരം പുറത്തറിയിക്കാതെ അധികൃതർ



കണ്ണൂര്: സെന്‍ട്രല്‍ ജയിലിനുള്ളില്‍ തടവുകാര്‍ മദ്യപിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അഞ്ചാം ബ്ലോക്ക് സെല്ലിലെ തടവുകാരാണ് മദ്യപിച്ചത്. വധക്കേസ് പ്രതികളായ മൂന്നുപേരുള്‍പ്പെടെ അഞ്ചു തടവുകാരാണ് തിങ്കളാഴ്ച രാത്രി കൂട്ടം കൂടിയിരുന്നു മദ്യപിച്ചത്. ഇത് സെല്ലിലെ സഹതടവുകാര്‍ എതിര്‍ത്തതോടെയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞത്. സെല്ല് മറച്ച് കര്‍ട്ടന്‍ കെട്ടിയിരുന്നതിനാല്‍ പുറത്തുനിന്നു ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടില്ല. പരിശോധനയില്‍ ഫുള്‍ കുപ്പി(ഗോല്‍കോണ്ട)യും ഗ്ലാസുകളും പിടിച്ചെടുത്തു.
   അതേസമയം, മദ്യപാനം പിടിച്ചതിന് ശേഷം ഇന്നു രാവിലെ ഇതേ ബ്ലോക്കിന്റെ പിന്നാമ്പുറത്തുനിന്ന് ഒരു പൊതി കഞ്ചാവും ലഭിച്ചു. മദ്യപാനം പിടിക്കപ്പെട്ടതിനാല്‍ പരിശോധനയുണ്ടാകുമെന്നു കരുതി സെല്ലില്‍നിന്നു പുറത്തേക്കെറിഞ്ഞതാണ് കഞ്ചാവ് പൊതിയെന്നാണ് കരുതുന്നത്. എന്നാല്‍ മദ്യം പിടിച്ച സംഭവം മൂടിവയ്ക്കാനാണു ജയില്‍ അധികൃതരുടെ ശ്രമം. മദ്യപാനം നടന്നതിനെക്കുറിച്ചു ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ വിവരം നല്‍കിയിരുന്നുവെന്നും എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നുമാണു പ്രതികരണം. ജയിലിനുള്ളില്‍ നടന്ന കുറ്റകൃത്യം ഇതുവരെ പൊലീസില്‍ അറിയിച്ചിട്ടുമില്ല.

No comments