APP DOWNLOAD

TRENDING

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍



തലശ്ശേരി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം തലശ്ശേരി സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ ആമ്പല്ലൂര്‍ കള്ളിപ്പറമ്പില്‍ വീട്ടില്‍ ആല്‍വിന്‍ (31), പാലക്കാട് ആലത്തൂര്‍ സ്വദേശി ഷിജു ആന്റോ (39), തൃശൂര്‍ കൊടകര സ്വദേശി റിജീഷ് (34) എന്നിവരാണ് പിടിയിലായത്. റെന്റിന് വാഹനങ്ങള്‍ നല്‍കുന്ന സംഘമാണ് കേസില്‍ പിടിയിലായത്. തലശ്ശേരിയിലെ മത്സ്യ മൊത്ത വ്യാപാരി സെയ്ദാര്‍പള്ളിക്ക് സമീപത്തെ ജഗന്നാഥ ടെമ്പിള്‍ റോഡിലെ ഹുദയില്‍ മജീദിന്റെ വീട്ടിലാണ് മോഷണം നടന്നിരുന്നത്.സെപ്തംബര്‍ 20ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച കെ.എല്‍ 01 എഎല്‍ 861 ഇന്നോവയും കെ.എല്‍ 63 ഇ 5787 ബൊലേലോയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതി ഷിജു ആന്റോ പോലീസ് വേഷത്തിലാണ് മജീദിന്റെ വീട്ടിലെത്തിയത്. സെപ്തംബര്‍ 20ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് അഞ്ചു പേര്‍ തലശ്ശേരിയിലെ മൊത്ത മത്സ്യ വ്യാപാരിയായ പി.പി.എം ഗ്രൂപ്പ് ഉടമ മജീദിന്റെ വീട്ടില്‍ എത്തിയത്. മജീദും ഭാര്യയും മാത്രമെ അപ്പോള്‍ വീട്ടിലുണ്ടായിരുന്നുള്ളൂ.
ആദായ നികുതി വകുപ്പ് ഓഫീസര്‍,മൂന്ന് ഉദ്യോഗസ്ഥര്‍,ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയാണ് പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പ് ഓഫീസറെന്ന് പരിചയപ്പെടുത്തിയയാള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്തു. മുറികളില്‍ കയറി പരിശോധിച്ച് അരമണിക്കൂറിനകം തിരിച്ചുപോകയും ചെയ്തിരുന്നു. സംഘം കൊണ്ടുവന്ന ഒരു ബാഗ് മടക്കി കൊണ്ടുപോയില്ല. ഇത് അന്വേഷിച്ച് തിരിച്ച് വിളിക്കാതിരുന്നപ്പോഴാണ് വീട്ടുടമയ്ക്ക് സംശയമുണ്ടായത്. ഇതേത്തുടര്‍ന്ന് മുറിയിലെ പഴ്സില്‍ സൂക്ഷിച്ച 25000 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്നാണ് പോീസില്‍ മജീദ് പരാതി നല്‍കിയത്. തലശ്ശേരി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ ചിറക്കുനി സ്വദേശി നൗഫല്‍ മുഖേനയാണ് പ്രതികള്‍ മജീദിന്റ വീട്ടില്‍ കവര്‍ച്ചക്കെത്തിയത്. അറസ്റ്റിലായ പ്രതികള്‍ കൊലപാതക കേസിലുള്‍പ്പെടെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി. ഇനി രണ്ടുപേരെ കൂടി കിട്ടാനുണ്ട്. തൃശ്ശൂര്‍ മാങ്കുളം സ്വദേശി പണപ്രാവിന്‍ വീട്ടില്‍ വിനു (36) തൃശ്ശൂര്‍ കൊടകര സ്വദേശി കനകമലയില്‍ ചെള്ളാടന്‍വീട്ടില്‍. ദീപു (33), മലപ്പുറം അരീക്കോട് സ്വദേശി ഏലിക്കോട് വീട്ടില്‍ ലത്തീഫ് (42) തലശ്ശേരി ചിറക്കര സ്വദേശി കുല്‍ഷന്‍ ഹൗസില്‍ നൗഫല്‍ (36) എന്നിവരാമ് ഇന്നലെ അറസ്റ്റിലായത്.

No comments