പറശ്ശിനിക്കടവ് ബസ്സ്റ്റാൻഡിന് സമീപത്തുനിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി
കണ്ണൂർ: പറശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ ഷെഡില്‍ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. തിരിച്ചറിയാനാവാത്ത വിധത്തിലുള്ളതായിരുന്നു മൃതദേഹം.
പറശ്ശിനിക്കടവ് ബസ്റ്റാന്റിന് സമീപത്തെ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ ഷെഡിലാണ് മൃതദേഹം കണ്ടത്. പറശിനിക്കടവിലെ പി.എം പുഷ്പജന്‍ എന്നയാളുടെ സ്ഥലത്തുള്ള പമ്പ്ഹൗസ് ഷെഡിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്.
ആറ് വര്‍ഷമായി ഉപയോഗിക്കാതെ കിടന്ന ഷെഡിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹത്തിന് സമീപത്തുനിന്നും കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ എഴുതിവെച്ച കൂലിക്കണക്കിന്റെ പുസ്തകം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും ലഭിച്ച ചില ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെട്ട് പോലീസ് അവരെ സ്ഥലത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഇവിടെ താമസിച്ച് കൂലിപ്പണിക്ക് പോയിരുന്ന ആളാണ് മരിച്ചതെന്നാണ് അനുമാനം. ഇവിടെ വെച്ച് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്താനാണ് ശ്രമിക്കുന്നതെന്ന് പോലീസ് പറഞ്ഞു.



No comments