സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരേ ആക്രമണം; പിന്നില്‍ കണ്ണൂര്‍ സ്വദേശികളെന്നു സൂചന.
തിരുവനന്തപുരം : ക്ഷേത്രങ്ങളിലെ അനാചാരങ്ങളെ വിമര്‍ശിച്ചു സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തിനിരയായ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരേ ആക്രമണം. പിന്നില്‍ കണ്ണൂര്‍ സ്വദേശികളെന്നു സൂചന.
തലസ്‌ഥാനത്ത് കുണ്ടമണ്‍കടവ് ഭാഗത്തുള്ള ആശ്രമമാണ് ആക്രമിച്ചത്. ഇന്നലെ പുലര്‍ച്ചെയെത്തിയ അക്രമികള്‍ രണ്ടു കാറുകളും ഒരു ബൈക്കും തീയിട്ടു നശിപ്പിച്ചു. വീടുകള്‍ക്കും കേടുപാടുണ്ടായി. സംഭവസമയം സ്വാമി സ്‌ഥലത്തില്ലായിരുന്നു. എണ്‍പത് വയസുള്ള സ്‌ത്രീയും മറ്റു രണ്ടുപേരും മാത്രമാണുണ്ടായിരുന്നത്.
പ്രതികളെക്കുറിച്ചുള്ള സൂചന സി.സി.ടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസിനു ലഭിച്ചത്. മൂന്ന് പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ലൈറ്ററും പോലീസിനു ലഭിച്ചു. പ്രതികളെന്നു സംശയിക്കുന്ന 50 പേരുടെ പട്ടിക പോലീസ് തയാറാക്കിയിട്ടുണ്ട്. ഇവരില്‍ സംഘപരിവാര്‍ ബന്ധമുള്ളവരുമുണ്ട്.
ആശ്രമത്തില്‍നിന്ന് തീ ഉയരുന്നത് അയല്‍വാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്നു പോലീസും അഗ്‌നിശമനസേനയുമെത്തി തീഅണയ്‌ക്കുകയായിരുന്നു. തീപടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റ് ഇളകി.
ശബരിമലയില്‍ സ്‌ത്രീപ്രവേശനത്തിനായി വാദിക്കുന്ന സ്വാമിയുടെ ആശ്രമത്തിനു മുന്നില്‍ അക്രമികള്‍ പി.കെ. ഷിബു എന്നെഴുതിയ റീത്തുംവച്ചു. ഇതു സൂചന മാത്രമാണെന്നും റീത്തില്‍ എഴുതിയിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ശക്‌തമായ നടപടിയെടുക്കുമെന്നു ഡി.ജി.പി: ലോക് നാഥ് ബെഹ്‌റ വ്യക്‌തമാക്കി. അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശിനെ ചുമതലപ്പെടുത്തി. പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷിക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു. കന്റോണ്‍മെന്റ് അസിസ്‌റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ആശ്രമത്തിലെത്തി പരിശോധിച്ചു.
കഴിഞ്ഞദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ യുവതീ്രപവേശനത്തെ അനുകൂലിച്ചു സംസാരിച്ച സ്വാമിയെ ഷിബുവെന്നു വിളിച്ച് അപമാനിച്ചിരുന്നതായി പരാതിയുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഈശ്വറിനും പന്തളം രാജകുടുംബത്തിനും ആക്രമണത്തില്‍ പങ്കുണ്ടെന്നു സ്വാമി ആരോപിച്ചു.
താഴമണ്‍ തന്ത്രികുടുംബത്തിനും ഗൂഢാലോചനയില്‍ പങ്കുണ്ട്. നാളെ തന്നെയും ഇതുപോലെ കത്തിച്ചേക്കാം. എങ്കിലും ഭയപ്പെടാതെ സ്വന്തം നിലപാടുമായി മുന്നോട്ടു പോകുമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
ശബരിമല സ്‌ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സംഘപരിവാര്‍ ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ആശ്രമത്തിന് സമീപം പരക്കെ പോസ്‌റ്ററുകള്‍ പതിക്കുകയും പ്രതിഷേധജാഥ സംഘടിപ്പിക്കുകയും ചെയ്‌തിട്ടുണ്ടായിരുന്നു.
പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും വാഹനം മാറ്റിയിടാന്‍ നിര്‍ദേശിച്ചിരുന്നതായും സ്വാമി വ്യക്‌തമാക്കി. എന്നാല്‍, സ്വാമിയും സി.പി.എമ്മുമാണു സംഭവത്തിന് ഉത്തരവാദികളെന്ന് ബി.ജെ.പി. പ്രതികരിച്ചു.സംഭവത്തെത്തുടര്‍ന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആശ്രമം സന്ദര്‍ശിച്ചു. സ്വാമിയെ കൊലപ്പെടുത്താനുള്ള നീക്കമായിരുന്നുവെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തില്‍ അതിശക്‌തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിക്കു പുറമേ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ശൈലജ, കെ. മുരളീധരന്‍ എം.എല്‍.എ. എന്നിവരും ആശ്രമത്തിലെത്തി.എന്നാല്‍, പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്‌ഷാ തലസ്‌ഥാനത്ത് എത്തുന്നതിന്റെ പ്രാധാന്യം കുറയ്‌ക്കാന്‍ സി.പി.എമ്മും സന്ദീപാനന്ദഗിരിയും ചേര്‍ന്ന് ആസൂത്രണം ചെയ്‌തതാണ് ആക്രമണമെന്നു ബി.ജെ.പി. ജില്ലാ നേതൃത്വം ആരോപിച്ചു



No comments