APP DOWNLOAD

TRENDING

മാധ്യമ പ്രവര്‍ത്തകനെയും കുടുംബത്തെയും മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ സംഭവം: പ്രതികളുടെ ഫോണ്‍കോളുകളുടെ വിവരം ലഭിച്ചു; കൊള്ള സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് സൂചന



കണ്ണൂര്: മാധ്യമ പ്രവര്‍ത്തകന്‍ വിനോദ്ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കൊള്ള നടത്തിയ സംഘത്തിന്റെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സംഭവം നടന്ന ദിവസം വീട് സ്ഥിതിചെയ്യുന്ന ടവര്‍ പരിധിയിലെ ഭൂരിഭാഗം കോള്‍ വിവരങ്ങളും പോലീസ് പരിശോധിച്ചുകഴിഞ്ഞു. കോളുകളില്‍ നിന്നും പ്രതികളുടെ ഫോണ്‍ നമ്പറുകളിലേക്ക് എത്തിച്ചേര്‍ന്ന അന്വേഷണ സംഘം പ്രതികള്‍ ഇപ്പോള്‍ ഉള്ള ഇടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്. നിര്‍ണ്ണായകമായ നിര്‍ണ്ണായകമായ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സൂചന നല്‍കുന്നുണ്ടെങ്കിലും കുറച്ചുദിവസങ്ങള്‍ കൂടി എടുത്തേക്കുമെന്നാണ് സൂചന. വിനോദ് ചന്ദ്രന്‍ താമസിക്കുന്ന വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ഭാര്യയെയും വിനോദ് ചന്ദ്രനെയും കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം കവര്‍ന്ന അറുപത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും രത്നാഭരണങ്ങളും ലാപ്ടോപ്പുമുള്‍പ്പെടെയുള്ള തൊണ്ടി മുതലുകള്‍ കൂടി കണ്ടെത്തിയ ശേഷമാകും അറസ്റ്റിലേക്കെത്തുകയെന്നാണ് സൂചന.
പ്രതികള്‍ സ്ഥിരമായ കവര്‍ച്ചയിലൂടെ വന്‍ സമ്പാദ്യം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കുവേണ്ടി നിയമ സഹായം നല്‍കുന്നവരുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചു കഴിഞ്ഞു. പ്രതികള്‍ വലയിലായതായി നേരത്തെ തന്നെ സൂചന അന്വേഷണ സംഘത്തില്‍ നിന്നുണ്ടെങ്കിലും നാലംഗ കൊള്ളസംഘത്തിന്റെ കൂടെ ഏതാനും പേര്‍കൂടി കൊള്ളയില്‍ നിരീക്ഷണത്തിനും മറ്റുമായി ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണ സംഘത്തിന് വിവരമുണ്ട്. ഈ സംഘത്തിലെ മുഴുവന്‍ പേരെയും വലയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേസിന്റെ മറ്റ് വിവരങ്ങളൊന്നും പോലീസ് പുറത്തുവിടാത്തതെന്നാണ് സൂചന.

No comments