APP DOWNLOAD

TRENDING

പയ്യന്നൂർ: ഏഴിമലയുടെ താഴ്‌വരയിൽ ചെങ്കൽഖനനം രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാർ.



ചിറ്റടി,പരത്തിക്കാട് പ്രദേശങ്ങളിൽ അംഗീകാരത്തോടെയും അല്ലാതെയും നടക്കുന്ന ചെങ്കൽ ഖനനം രാമന്തളി പഞ്ചായത്തിലെ ജനങ്ങൾക്കു പരിസ്ഥിത ഭീഷണി ഉയർത്താൻ തുടങ്ങിയതോടെയാണ് ചെങ്കൽ പണകൾക്കെതിരെ ജനകീയ പ്രക്ഷോഭം തുടങ്ങിയത്. ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ ചെങ്കൽ ഖനനം നടക്കുന്ന പ്രദേങ്ങളിൽ ഒന്നാണു ചിറ്റടി, പരത്തിക്കാട് പ്രദേശങ്ങൾ. ജിയോളജി വകുപ്പ് ചെങ്കൽ കൊത്തിയെടുക്കാൻ ഏറ്റവും കൂടുതൽ അനുമതി നൽകുന്നത് ഈ പ്രദേശത്താണ്.

ഇതിന്റെ മറവിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ചെങ്കൽ പണകളുമുണ്ട്. ഇതു തിരിച്ചറിയാൻ റവന്യു, പഞ്ചായത്ത്, പൊലീസ് വകുപ്പുകൾക്ക് സംവിധാനമില്ല. രാമന്തളി ശങ്കരനാരായണ ക്ഷേത്രം ദേവസ്വം ഭൂമി പൂർണമായും ചെങ്കൽ പണകളായി മാറിക്കഴിഞ്ഞു. പരത്തിക്കാട്, ചിറ്റടി പ്രദേശത്തെ ദേവസ്വം ഭൂമികളിൽ ചെങ്കൽ ഖനനം നടത്താൻ ജിയോളജി വകുപ്പ് അനുമതി നൽകിയത് എങ്ങനെ എന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല. 6 മാസം മുൻപ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ അനധികൃത ചെങ്കൽ പണകൾ കണ്ടെത്തി പിഴ ചുമത്തിയിരുന്നു. അതിനു ശേഷം ഈ പ്രദേശത്തേക്ക് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും വന്നിട്ടില്ല.
പിഴയടച്ച കേന്ദ്രങ്ങളിൽ ഖനനം നിർബാധം തുടരുന്നു. ചിറ്റടി മേഖലയിലെ ചെങ്കൽ പണകൾ പാലക്കോട്ടെ ജനസാന്ദ്രതയുള്ള പ്രദേശത്തോടു ചേർന്നു വന്നപ്പോഴാണ് ഈ പ്രദേശത്തെ ജനങ്ങൾ പ്രക്ഷോഭവുമായി മുന്നോട്ടു വന്നത്. ചെങ്കൽ ഖനനത്തോടെ നൂറ്റാണ്ട് പഴക്കമുള്ള പീക്കാടി തോടും പാലക്കോട്–ഓലക്കാട് തോടും ഇല്ലാതായി. ഈ പ്രദേശങ്ങളിലെ കിണറുകളിൽ ചെളിവെള്ളം എത്തിയതോടെയാണ് ചെങ്കൽ പണകളുടെ ഭീകരത ഇവർ തിരിച്ചറിഞ്ഞത്. അംഗീകാരമുള്ള പണകളിൽ വലിയ ആഴത്തിലാണ് കല്ലുകൾ കൊത്തിയെടുക്കുന്നത്.
ഇതിനൊക്കെ നിയന്ത്രണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജിയോളജി, റവന്യു, പൊലീസ് വകുപ്പുകൾ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷമേ ഖനനം നടത്താവൂ എന്ന നാട്ടുകാരുടെ ആവശ്യം അവഗണിച്ചപ്പോഴാണ് ഇന്നലെ പഞ്ചായത്ത് അംഗങ്ങളായ എം.ഷർഫുന്നീസ, കെ.ബിന്ദു, ജനകീയ കമ്മിറ്റി പ്രവർത്തകരായ കെ.സി.മുസ്തഫ, കെ.സി.ഖാദർ, കെ.സി.അഷ്റഫ്, ടി.പി.സുബൈർ എന്നിവരുടെ നേതൃത്വത്തിൽ ചെങ്കൽ ഖനനം തടഞ്ഞത്.
പൊലീസും പഞ്ചായത്ത് വില്ലേജ് അധികൃതരും എത്തി ചർച്ച നടത്തിയാണ് നാട്ടുകാർ പിരിഞ്ഞുപോയത്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് പരിശോധന നടത്തുംവരെ ഖനനം നിർത്തിവയ്ക്കാൻ പൊലീസ്, റവന്യു,  പഞ്ചായത്ത് ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്.

No comments