APP DOWNLOAD

TRENDING

തീർത്തിട്ടും തീരാതെ തളിപ്പറമ്പിലെ ട്രാഫിക് പരിഷ്കരണം ;എംഎൽ എയുടെ സാന്നിധ്യത്തില്‍ വെളളിയാഴ്ച്ച നടന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു



തളിപ്പറമ്പ് : തളിപ്പറമ്പിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയില്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ വെളളിയാഴ്ച്ച നടന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു.

ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗങ്ങളുടെയും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെയും ബസ് തൊഴിലാളികളുടെയും യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. കേരളത്തിനു മാതൃകയായ തളിപ്പറമ്പ് മോഡല്‍ വികസനവും ട്രാഫിക്ക് പരിഷ്‌ക്കാരവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

എന്നാല്‍ ഇന്ന് തളിപ്പറമ്പ് നഗരത്തിലെ ഗതാഗതം ആകെ കുത്തഴിഞ്ഞു കിടക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി സംയുക്ത യോഗത്തില്‍ തിരുമാനമെടുത്തിരുന്നു.

ഇതില്‍ പ്രധാനപ്പെട്ട തീരുമാനമാണ് മാര്‍ക്കറ്റ് റോഡ് വഴിയുള്ള ബസ് ഗതാഗതം പുനഃസ്ഥാപിക്കുക എന്നത്. ഇതിനെകുറിച്ച് ചര്‍ച്ചചെയ്യുന്നതിനാണ് എം.എല്‍.എ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗങ്ങളുടെയും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെയും ബസ് തൊഴിലാളികളുടെയും യോഗം ഇന്നലെ വിളിച്ചു ചേര്‍ത്തത്.

മാര്‍ക്കറ്റ് റോഡ് വഴിയുള്ള ബസ് ഗതാഗതം പുനഃസ്ഥാപിച്ച് 15 ദിവസമെങ്കിലും ഇതുവഴി ബസ് ഓടിക്കാന്‍ തയ്യാറാകണമെന്ന എം.എല്‍എ ആവശ്യപ്പെട്ടു.

ഈ സമയത്ത് മാര്‍ഗ്ഗതടസം ഉണ്ടാകുകയാണെങ്കില്‍ അതിന് പരിഹാരം ഉണ്ടാക്കാമെന്ന് എം.എല്‍.എ പറഞ്ഞു. എന്നാല്‍ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ബസ് തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട് സംയുക്തയോഗം ചേര്‍ന്നതിനുശേഷം മാത്രമേ ഉറപ്പു പറയാന്‍ സാധിക്കുകയുളളുവെന്ന് യോഗത്തെ അറിയിച്ചു.

മാര്‍ക്കറ്റ് റോഡുവഴി ബസ്ഗതാഗതത്തിന് തയ്യാറല്ല എന്ന സൂചനയാണ് ഇവര്‍ നല്‍കിയത്. നഗരസഭാ ചെയര്‍മാന്‍ മഹമ്മൂദ് അളളാംകുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ എം.മുരളി, എസ്.ഐ കെ ദിനേശന്‍, എം.വി.ഐ ജെ.എസ് ശ്രീകുമാര്‍, ദേശീയപാതാ വിഭാഗം എഞ്ചിനിയര്‍ യമുന തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments