APP DOWNLOAD

TRENDING

തളിപ്പറമ്പ് താലൂക്ക് പരിധിയിൽ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് നടത്തി



തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് പരിധിയില്‍ നടന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 51പരാതി കള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചു. രാവിലെ കൃത്യം പത്തിന് തന്നെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളനഹാളിലെ ത്തിയ കളക്ടര്‍ എല്ലാവരുടേയും പരാതി നേരിട്ട് കേട്ടാണ് തീര്‍പ്പുകല്‍പ്പിച്ചത്. തളിപ്പറമ്പ് കരിമ്പം ഫാമിലെ കുളം പൊതുജനങ്ങള്‍ക്ക് കൂടി ഉപകരിക്കപ്പെടുന്ന വിധത്തില്‍ പുന:സംവിധാനം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.



എന്‍ആര്‍ഇജിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളത്തിന്റെ പരിസരത്ത് വേലി നിര്‍മ്മിച്ചു നല്‍കാമെന്ന് അദാലത്തില്‍ പങ്കെടുത്ത കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി.നാരായണന്‍ ഉറപ്പുനല്‍കി. കരിമ്പം കള്‍ച്ചറല്‍ സെന്ററാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. മകളും മരുമകനും വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാതെ പീഡിപ്പിക്കുന്നതായ തൃച്ചംബരത്തെ ഹെന്ററി തോമസിന്റെയും ഭാര്യ മോളിയുടേയും പരാതിയില്‍ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കാന്‍ തളിപ്പറമ്പ് സി ഐ കെ.ജെ.വിനോയിയോട് ആവശ്യപ്പെട്ടു.



ഇതിനേ ശേഷം പരാതിക്കാരെ നേരിട്ട് വിളിച്ച് സംസാരിച്ച് പരിഹാരം കാണുമെന്ന് കളക്ടര്‍ മിര്‍ മുഹമ്മദാലി അറിയിച്ചു. പഴശി ജലസേചന പദ്ധതിയുടെ മെയിന്‍ കനാലിനോട് അനുബന്ധിച്ചുള്ള കനാല്‍റോഡ് മുഴപ്പാല മുതല്‍ പറശിനിക്കടവ് വരെ വീതികൂട്ടി വികസിപ്പിച്ച് ടാര്‍ ചെയ്യണമെന്ന് മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറശിനിക്കടവ് വഴി ധര്‍മ്മശാലയില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഈ ഗ്രാമീണറോഡ് പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.



തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റിന്റെ  കാലാവധി ഒരാഴ്ച്ചയില്‍ നിന്നും ദീര്‍ഘിപ്പിക്കണമെന്ന നിര്‍ദ്ദേശം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയുടെ പരിഗണനക്ക് വിട്ടു. കരിമ്പത്തെ പരമ്പരാഗത ജലശ്രോതസായ കറപ്പക്കുണ്ട് സംരക്ഷിക്കുന്നതിന് രണ്ട്‌ലക്ഷം രൂപ അനുവദിച്ചതായി തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അദാലത്തില്‍ അറിയിച്ചു. ഉച്ചക്ക് 12.30 വരെ നടന്ന അദാലത്തില്‍ തളിപ്പറമ്പ് തഹസില്‍ദാര്‍ എം.മുരളി, ഭൂരേഖ തഹസില്‍ദാര്‍ കെ.സുജാത, തളിപ്പറമ്പ് സിഐ കെ.ജെ.വിനോയി, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ്, ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍മാന്‍ പി.പി.രാഘവന്‍, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.വി.നാരായണന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ എന്നിവരും താലൂക്ക് പരിധിയിലെ ഉദ്യോഗസ്ഥമേധാവികളും  പങ്കെടുത്തു.

No comments