സ്‌കൂള്‍ നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ എ.ഇ.ഒ മാരെ അറസ്റ്റ് ചെയ്യും
തലശ്ശേരി: തലശ്ശേരി റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ച സംഭവത്തില്‍ സംഘാടകരായ മൂന്ന് എ.ഇ.ഒ മാരെ പോലീസ് അറസ്റ്റ് ചെയ്യും. ന്യൂമാഹി എം.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഋത്തിഖ് രാജാണ് (14) നീന്തല്‍ മത്സരത്തിനിടെ മുങ്ങിമരിച്ചത്.
തലശ്ശേരിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തലശ്ശേരി പോലീസ് നേരത്തെ കേസെടുത്തത്. യാതൊരു അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ നീന്തല്‍ മത്സരം സംഘടിപ്പിക്കുകയും വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തെന്ന പരാതിയിലാ്ണ് കേസെടുത്തിരുന്നത്. തലശ്ശേരി നോര്‍ത്ത് എ.ഇ.ഒ, സൗത്ത് എ.ഇ.ഒ, ചൊക്ലി എ.ഇ.ഒ എന്നവര്‍ക്കെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തിരുന്നത്.
മൂന്ന് ഉപജില്ലകളുടെ മത്സരമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രചിറയില്‍ നടന്നിരുന്നത്. മത്സരത്തിന്റെ സംഘാടക സമിതി കണ്‍വീനര്‍മാരായിരുന്നു മൂന്ന് എ.ഇ.ഒ മാരും. എ.ഇ.ഒ മാരെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ട ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് എ.ഇ.ഒ മാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ആഗസ്ത് 14ന് രാവിലെ 10.30 മണിയോടെയാണ് ഋത്തിക് രാജ് തലശ്ശേരി ജഗന്നാഥ ക്ഷേത്ര ചിറയില്‍ മുങ്ങി മരിച്ചത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഋത്തിഖും നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ കുളത്തിന്റെ മധ്യ ഭാഗത്തെത്തിയതോടെ റിത്തിഖ് കുളത്തിനടിയിലേക്ക് മുങ്ങിത്താഴുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാതെയാണ് നീന്തല്‍ മത്സരം സംഘടിപ്പിച്ചതെന്ന് പരാതിയുയുര്‍ന്നിരുന്നു.
ചെന്നൈയില്‍ ബേക്കറി ജീവനക്കാരനായ ചൊക്ലി പാറാലിലെ കാഞ്ഞിരമുള്ളതില്‍ രാജേഷിന്റെയും മിനിയുടെയും മകനാണ് മരിച്ച ഋത്തിഖ് രാജ്. പ്രതികൂല കാലാവസ്ഥയില്‍ എല്ലാ പരിപാടികളും മാറ്റിവെക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് പോലും ലംഘിച്ചാണ് നീന്തല്‍ മത്സരം സംഘടിപ്പിച്ചിരുന്നത്. അതിനിടെ നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് തിരുവന്തപുരത്ത് നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തലശ്ശേരിയിലെത്താന്‍ സാധിക്കാതതിനാല്‍ കൂടുതല്‍ അന്വേഷണം നടന്നിരുന്നില്ല. അന്വേഷണത്തിന് ശേഷം കുറ്റക്കാരാണെന്ന് കണ്ടാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വകുപ്പ്തല നടപടി സ്വീകരിക്കുമെന്നറിയിച്ചു.



No comments