ഹരിയാനയില്‍ അഞ്ച് കോടിയുടെ വെട്ടിപ്പ്: ജാമ്യമെടുത്ത് മുങ്ങിയ യുവാവിന്റെ മാതാവിനെ തേടി ഹരിയാന പോലീസ് പയ്യന്നൂരില്‍
പയ്യന്നൂര്: ഹരിയാനയില്‍ അഞ്ച് കോടി രുപയുടെ വെട്ടിപ്പ് നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ മലയാളി യുവാവ് മുങ്ങി. ഇയാളെ കണ്ടെത്താനാകാതെ വന്നതോടെ ഇയാളുടെ മാതാവിനെ തേടി ഹരിയാന പോലീസ് പയ്യന്നൂരില്‍ എത്തി. കോട്ടയം വാഴൂരിലെ പാട്ടുപ്പാറ പുത്തന്‍പുരയ്ക്കല്‍ ശാന്തമ്മ തങ്കപ്പന്റെ മകന്‍ പി.ടി.ഗിരിമോനെ(46) കണ്ടെത്താനാകാതെ വന്നതോടെയാണ് ഹരിയാന പോലീസ് പയ്യന്നൂരിലെത്തിയത്.
ശാന്തമ്മയുടെ വാഴൂരിലെ മേല്‍വിലാസത്തിലുള്ള ആധാര്‍ കാര്‍ഡിന്റെ കോപ്പിയുമായാണ് ഹരിയാന പോലീസ് ഇന്നലെ പയ്യന്നൂരിലെത്തിയത്. ഗിരിമോന്‍ നല്‍കിയ അഡ്രസില്‍ ഇപ്പോഴത്തെ താമസ സ്ഥലം പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാമന്തളിയെന്നായിരുന്നതിനാലാണ് അന്വേഷണത്തിന്റെ ഭാഗമായി ഹരിയാന പോലീസ് പയ്യന്നൂരിലെത്തിയത്. ഏറെക്കാലമായി ഹരിയാനയില്‍ താമസിച്ചുവരുന്ന ഗിരിമോന്‍ ഹരിയാന സ്വദേശിയുമായി ചേര്‍ന്ന് നടത്തിയ ബിസിനസിനിടയില്‍ അഞ്ച് കോടിയുടെ തട്ടിപ്പ് നടത്തിയിരുന്നുവെന്നും ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നുവെന്നുമാണ് പോലീസില്‍ നിന്നുമറിവായത്.
ഇയാളെ കണ്ടെത്താനാകാതെ വന്നതിനെ തുടര്‍ന്നാണ് രാമന്തളിയില്‍ താമസിക്കുന്നുവെന്ന് പറയുന്ന ഇയാളുടെ മാതാവിനെ തിരക്കി ഹരിയാന പോലീസ് പയ്യന്നൂരിലെത്തിയത്. പയ്യന്നൂര്‍ പോലീസിന്റെ സഹായത്തോടെ ഹരിയാന പോലീസ് രാമന്തളിയില്‍ അന്വേഷണം നടത്തിയെങ്കിലും ഗിരിമോന്റെ മാതാവ് ശാന്തമ്മയേയും കണ്ടെത്താനായില്ല.



No comments