APP DOWNLOAD

TRENDING

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ അനധികൃത പാര്‍ക്കിങ്: കാറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് കസ്റ്റടിയിലെടുത്തു; ട്രാഫിക് പോലീസിന്റെ കര്‍ശന നടപടി



കണ്ണൂര്; റെയില്‍വെ സ്റ്റേഷന്‍ കിഴക്കേ കവാടത്തില്‍ അനധികൃത പാര്‍ക്കിങ് കൊണ്ട് പൊറുതിമുട്ടിയ സാഹചര്യത്തില്‍ ട്രാഫിക് പോലീസ് ശക്തമായ നടപടി തുടങ്ങി. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് കസ്റ്റഡിയിലെടുത്ത് ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് രാവിലെ ആറ് കാറുകള്‍ ട്രാഫിക് സ്റ്റേഷനിലേക്ക് ക്രെയിന്‍ ഉപയോഗിച്ച് കൊണ്ടു പോയി. വരും ദിവസങ്ങളിലും ഇത്തരം നടപടി തുടരുമെന്നും ട്രാഫിക് സ്റ്റേഷനില്‍ നിന്നും അറിയിച്ചു. അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനെതിരേ ഇന്നലെ വൈകുന്നേരം മുതല്‍ പോലീസിന്റെ കര്‍ശന ഇടപെടലുണ്ടായിരുന്നു. ഒട്ടേറെപേരില്‍ നിന്ന് പിഴ ഈടാക്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് താക്കീത് നല്‍കി മാറ്റി.

ഇന്ന് രാവിലെയും പതിവുപോലെ പാര്‍ക്കിങ് തുടര്‍ന്നപ്പോഴാണ് നടപടി കര്‍ശനമാക്കിയത്. പാര്‍ക്കിങ്ങിനായി പ്രത്യേകം സൗകര്യം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടെങ്കിലും ഇത് ഉപയോഗിക്കാതെ റോഡില്‍ ഇരുവശത്തും നിര്‍ത്തിയിടുന്നത് പതിവാണ്. കവാടം തുടങ്ങുന്നിടത്തു നിന്ന് പോലീസ് ക്വാര്‍ട്ടേഴ്സ് മുതല്‍ ടിക്കറ്റ് കൗണ്ടര്‍വരെ റോഡിന്റെ ഇരു ഭാഗത്തും നിരവധി കാറും ബൈക്കും പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. യാത്രക്കാര്‍ ട്രെയിന്‍ കയറി പോകുന്നതോടെ പല വാഹനങ്ങളും ദിവസങ്ങളോളം ഇവിടെ പാര്‍ക്ക് ചെയ്യുന്ന സ്ഥിതിയാണ്. ഇതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ റോഡില്‍ അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായാണ് ട്രാഫിക് എസ്.ഐ. കെ.വി. ഉമേശന്റെ നേതൃത്വത്തില്‍ നടപടി കര്‍ശനമാക്കിയത്.
അനധികൃത പാര്‍ക്കിംഗ് മൂലം ഓട്ടോറിക്ഷകള്‍ക്കു പോലും യാത്രക്കാരെ  കൃത്യസമയത്ത് സ്റ്റേഷനില്‍ എത്തിക്കാന്‍ കഴിയാതെയായി. തുടക്കത്തില്‍ പിഴ ചുമത്തിയെങ്കിലും വേണ്ട ഫലം കണ്ടില്ല. ഇതോടെയാണ് ഇന്നു രാവിലെ ക്രെയിന്‍ കൊണ്ടു വന്ന് വാഹനങ്ങള്‍ ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റിത്തുടങ്ങിയത്. നിലവില്‍ വലിയ രണ്ട് പാര്‍ക്കിങ് സ്ഥലങ്ങള്‍ റെയില്‍വെ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പാര്‍ക്കിങ് ഫീസ് കൊടുക്കാന്‍ മടിച്ച് പലരും കോമ്പൗണ്ടിനു പുറത്തുള്ള ഈ റോഡരികല്‍ നിര്‍ത്തി പോവുകയാണ്. 500 രൂപയാണ് അനധികൃത പാര്‍ക്കിങ്ങിന് പിഴ ഈടാക്കുന്നത്. വാഹനത്തിന് മതിയായ രേഖകള്‍ ഇല്ലെങ്കില്‍ അതിന്റെ പിഴ കൂടുതലാകും. ക്രെയിന്‍ വാടകയും ഇവരില്‍ നിന്നും ഈടാക്കുമെന്ന് ട്രാഫിക് എസ്.ഐ കെ.വി ഉമേശന്‍ പറഞ്ഞു.

No comments