മഴക്കെടുതി; ഇരിട്ടി താലൂക്കില്‍ നാലും തളിപ്പറമ്പ് താലൂക്കില്‍ മൂന്നും ദുരിതാശ്വാസ ക്യാമ്പുകള്‍; ഒട്ടേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു
ഇരിട്ടി: കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായ ഇരിട്ടി താലൂക്കില്‍ നാലും തളിപ്പറമ്പ് താലൂക്കില്‍ മൂന്നും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. അയ്യങ്കുന്ന് വില്ലേജിലെ കച്ചേരിക്കടവ് സെന്റ് ജോര്‍ജ് എല്‍.പി സ്‌കൂള്‍ (20 പേര്‍), കൊട്ടിയൂര്‍ വില്ലേജ് അമ്പായത്തോട് സെന്റ് ജോര്‍ജ് യു.പി സ്‌കൂള്‍ (40 പേര്‍), ആറളം വില്ലേജ് പുതിയങ്ങാടി മദ്രസ (36 പേര്‍), മാങ്ങോട് നിര്‍മല എല്‍.പി സ്‌കൂള്‍ (110 പേര്‍), ചെങ്ങളായി വില്ലേജ് ടൗണ്‍ മദ്രസ കെട്ടിടം (30 പേര്‍), കൊയ്യം എ.എല്‍.പി സ്‌കൂള്‍ (20 പേര്‍), എരുവേശ്ശി വില്ലേജ് സെന്റ് സെബാസ്റ്റ്യന്‍ എല്‍.പി സ്‌കൂള്‍ (12 പേര്‍) എന്നിവിടങ്ങളിലാണ് ക്യാംപുകള്‍ തുടങ്ങിയത്.
പലരെയും ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. നുച്യാട് 56 വീടുകളും വയത്തൂരില്‍ 32 വീടുകളും കൊളാരി മൂന്നു വീടുകളും വെള്ളത്തിലായി. ഇവിടുത്തെ ആളുകള്‍ ബന്ധു വീടുകളിലേക്ക് മാറിയിരിക്കുകയാണ്. കൂടാതെ കൊളാരിയിലെ 7 വീടുകളിലും ചെറിയ തോതില്‍ വെള്ളം കയറിയിട്ടുണ്ട്.
രണ്ടു വിംഗുകളിലായി 65 പേരടങ്ങുന്ന ആര്‍മി സംഘവും സ്ഥലത്തു ക്യാമ്പ് ചെയുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ ഇതിലെ ഒരു വിങ് അയ്യങ്കുന്ന് മേഖലയിലും രണ്ടാമത്തെ സംഘം വയത്തൂര്‍ മേഖലയിലുമാണുള്ളത്. 0490 2494910 എന്ന നമ്പരില്‍ ഇരിട്ടി താലൂക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.




No comments