APP DOWNLOAD

TRENDING

ജസ്‌ന കട്ടപ്പന ധ്യാന കേന്ദ്രത്തില്‍ എത്തിയതായി വിവരം: അധികൃതര്‍ പോലീസിനെ അറിയിച്ചു


ഇടുക്കി: കട്ടപ്പനയിലെ ധ്യാനകേന്ദ്രത്തില്‍ ജസ്ന എത്തിയിരുന്നുവെന്ന് പുതിയ വിവരം. ധ്യാന കേന്ദ്രം അധികൃതര്‍ ജസ്നയെ പോലെയുള്ള പെണ്‍കുട്ടിയെ കണ്ടിരുന്നുവെന്ന് പറയുന്നു. അവര്‍ തന്നെയാണ് അന്വേഷണ സംഘത്തെ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 25നാണ് ജസ്നയെ ധ്യാനകേന്ദ്രത്തില്‍ കണ്ടതെന്ന് ധ്യാന കേന്ദ്രത്തിലുള്ളവര്‍ പറയുന്നു. ഞായറാഴ്ച പ്രാര്‍ഥനയില്‍ ജസ്ന പങ്കെടുത്തിരുന്നു. കട്ടപ്പന അണക്കരയിലെ കത്തോലിക്കാ വിഭാഗത്തിന്റെ ധ്യാനകേന്ദ്രത്തിലാണ് ജസ്ന എത്തിയതത്രെ.
   സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഈ ധ്യാനകേന്ദ്രത്തില്‍ എത്താറുണ്ട്. ഇക്കൂട്ടത്തിലാണ് ജസ്നയെയും കണ്ടത്. എന്തുകൊണ്ട് ജസ്നയെ ഓര്‍ത്തിരിക്കുന്നു എന്ന ചോദ്യം സ്വാഭാവികമാണ്. തലയില്‍ നിന്ന് ചുരുദാറിന്റെ ഷാള്‍ വീണപ്പോള്‍ ധൃതിയില്‍ കുട്ടി തല മറക്കുന്നത് കണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
   തലയില്‍ ചുരിദാറിന്റെ ഷാളിട്ടാണ് പെണ്‍കുട്ടി പ്രാര്‍ഥിച്ചിരുന്നത്. വന്നത് ഒറ്റയ്ക്കായിരുന്നു. പ്രാര്‍ഥനയ്ക്കിടെ ഷാള്‍ തലയില്‍ നിന്ന് വീണു. അപ്പോള്‍ വേഗത്തില്‍ തല മറയ്ക്കുന്നത് കണ്ടു. അപ്പോഴുണ്ടായ ഭാവമാറ്റമാണ് ജസ്നയാണ് എന്ന് സംശയമുണരാന്‍ കാരണമെന്ന് പ്രാര്‍ഥന നടത്തിയ ഒരു പിതാവ് പറയുന്നു. പിന്നീടാണ് പത്രങ്ങളില്‍ സംഭവം നിറസാന്നിധ്യമായത്. പെണ്‍കുട്ടിയുടെ ഫോട്ടോയും മാധ്യമങ്ങളില്‍ വന്നു. ധ്യാനകേന്ദ്രത്തില്‍ വന്ന കുട്ടി തന്നെയല്ലേ അത് എന്ന സംശയം ഫോട്ടോ കണ്ടപ്പോള്‍ തന്നെയുണ്ടായിരുന്നു. ശേഷം പോലീസിനെ അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
   കഴിഞ്ഞദിവസമാണ് കട്ടപ്പന ഡിവൈഎസ്പിയോട് വിവരം പറഞ്ഞത്. അദ്ദേഹം കേസ് അന്വേഷിക്കുന്ന സംഘത്തിന് വിവരം കൈമാറി. എല്ലാ വിവരങ്ങളും പരിശോധിച്ചുവരികയാണെന്ന് പത്തനംതിട്ടയിലെ അന്വേഷണ സംഘം പറഞ്ഞു. തങ്ങള്‍ പതിവായി അണക്കരയില്‍ പ്രാര്‍ഥനയ്ക്കും കുര്‍ബാനയ്ക്കും പോകാറുണ്ടെന്ന് ജസ്നയുടെ വീട്ടുകാര്‍ പറയുന്നു. കാണാതായ ദിവസം ജസ്നയെ മുണ്ടക്കയത്തെ ബസ് സ്റ്റാന്റിലെത്തി എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെയുള്ള കടയിലെ സിസിടിവിയില്‍ ജസ്നയെ പോലുള്ള പെണ്‍കുട്ടിയെ കാണുകയും ചെയ്തു.
   ജസ്ന മറ്റൊരു മൊബൈല്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. പത്തനംതിട്ടയിലെ മിക്ക ടവറുകളും പോലീസ് പരിശോധിച്ചു. സംശയകരമായ നമ്പറുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

No comments