APP DOWNLOAD

TRENDING

സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം; അനധികൃത മദ്യവില്‍പനയെ എതിര്‍ത്തതിന്റെ പേരിലെന്ന് സി.പി.എം നേതൃത്വം


ഉപ്പള: സിപിഎം പ്രവര്‍ത്തകന്‍ ഉപ്പള സോങ്കാലിലെ അബ്ദുല്ലയുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖിനെ (21) ബി.ജെ.പി പ്രവര്‍ത്തകന്‍ അശ്വതും സംഘവും കുത്തി കൊലപ്പെടുത്തിയത് മദ്യവില്‍പനയെ എതിര്‍ത്തതിന്റെ വൈരാഗ്യത്തിലാണെന്ന് സി.പി.എം ഏരിയാ കമ്മിറ്റി ആരോപിച്ചു. ബിജെപി പ്രാദേശിക നേതാവിന്റെ സഹോദരിയുടെ മകനാണ് അശ്വത്.

നിരവധി കേസുകളില്‍ പ്രതിയായ അശ്വതിന്റെ നേതൃത്വത്തില്‍ നടന്നു വന്ന അനധികൃത മദ്യവില്‍പന സിദ്ദീഖ് ചോദ്യം ചെയ്തിരുന്നു. ഉപ്പള സോങ്കാലിലും പ്രതാപ് നഗറിലും അശ്വിതിന്റെ നേതൃത്വത്തില്‍ കര്‍ണാടക മദ്യം കൊണ്ടു വന്ന് വില്‍ക്കുന്നത് നാട്ടുകാര്‍ക്ക് ശല്യമായി മാറിയിരുന്നു. മദ്യവില്‍പന ചോദ്യം ചെയ്യയ്തതിന് ഏതാനും ബൈക്കുകളിലെത്തിയ സംഘം പോര്‍വിളി നടത്തി മടങ്ങിയതിന് പിന്നാലെയാണ് വീണ്ടും വന്ന് സിദ്ദീഖിനെ കുത്തിയത്. സിദ്ദീഖിനൊപ്പം ഫൈസല്‍ എന്ന യുവാവും ഉണ്ടായിരുന്നു. ഫൈസല്‍ അക്രമം കണ്ട് ഓടി മറഞ്ഞു. കുത്തിയ സംഘം ബൈക്കുകളില്‍ തന്നെ കടന്നുകളയുകയായിരുന്നു.

സിപിഎം പ്രവര്‍ത്തകന്‍ സലീമിനെ കുത്തിയ കേസിലും ചില ക്രിമിനല്‍ കേസിലും അശ്വത് പ്രതിയാണെന്ന് പോലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട സിദ്ദീഖിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപ യാത്രയായി സോങ്കാലിലെ വീട്ടിലെത്തിച്ച ശേഷം സോങ്കാല്‍ ജുമാ മസ്ജിദില്‍ ഖബറടക്കുമെന്ന് ബന്ധുക്കളും സി.പി.എം നേതാക്കളും പറഞ്ഞു. കൊലയാളി സംഘത്തിന് വേണ്ടി ഉപ്പളയിലും പരിസരങ്ങളിലും കര്‍ണാടകയിലും തിരച്ചില്‍ ആരംഭിച്ചു. ഒരു ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലപാതക വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് ഡേ.എ. ശ്രീനിവാസ് സ്ഥലത്തെത്തിയിരുന്നു. ഡി.വൈ.എസ്.പി. എം.വി. സുകുമാരന്റെയും സി.ഐ പ്രേംസദന്റെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സിദ്ദീഖിന്റെ കൂടെയുണ്ടായിരുന്ന ഫൈസല്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും പോലീസ് വിശദമായ മൊഴിയെടുത്തു.

No comments