APP DOWNLOAD

TRENDING

ബ്രസീലിന്റെ തോല്‍വിക്ക് കാരണമെന്ത്?; വിശദീകരണവുമായി കോച്ച് ടിറ്റെ


മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബെല്‍ജിയത്തോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇതേക്കുറിച്ചുള്ള വിശദീകരണവുമായി ബ്രസീല്‍ പരിശീലകന്‍ ടിറ്റെ രംഗത്തെത്തി. തോല്‍വി ആഘാതമുണ്ടാക്കുന്നതാണെന്നും അതുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുടീമുകളും നിലവാരമുള്ള കളിയാണ് കാഴ്ചവെച്ചത്. അവസരങ്ങള്‍ ബ്രസീലിന് മുതലെടുക്കാനായില്ല. കളിയില്‍ ഭാഗ്യവും നിര്‍ഭാഗ്യവുമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ല. അത് സംഭവിച്ചുകഴിഞ്ഞു. കളിയുടെ മൂന്നില്‍ രണ്ടുഭാഗവും ബ്രസീലിന് മേല്‍ക്കൈ ഉണ്ടായിരുന്നെന്നും എന്നാല്‍, ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ബെല്‍ജിയം ജയിക്കുമ്പോള്‍ അവരെ താഴ്ത്തിക്കെട്ടാന്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ല. കളി ജയിക്കുന്നതും തോല്‍ക്കുന്നതും ആരുടെയും ഭാഗ്യ നിര്‍ഭാഗ്യങ്ങളല്ല. മനോഹരമായ കളിയാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ബെല്‍ജിയം അവരുടെ അവസരങ്ങള്‍ ഗോളാക്കി മാറ്റി. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരൊന്നും ഇന്നത്തെ കളിയെ ഇഷ്ടപ്പെടാതിരിക്കാനാകില്ലെന്നും ടിറ്റെ പറഞ്ഞു.
2016ല്‍ ടിറ്റെ പരിശീലകനായശേഷം ബ്രസീല്‍ വമ്പന്‍ കുതിപ്പാണ് നടത്തിയത്. 25 മത്സരങ്ങളില്‍ അവര്‍ ആകെ 6 ഗോളുകളാണ് വഴങ്ങിയത്. ഒരു മത്സരത്തില്‍ രണ്ടുഗോള്‍ വഴങ്ങുന്നതും ടിറ്റെയുടെ കീഴില്‍ ആദ്യമായാണ്. പങ്കെടുത്ത ടൂര്‍ണമെന്റിലെ ആദ്യ പരാജയം കൂടിയാണിത്. കെവിന്‍ ഡി ബ്രുയിന്റെ മനോരമായ ഗോളും ഫെര്‍ണാണ്ടീന്യോയുടെ സെല്‍ഫുഗോളുമാണ് ബ്രസീലിന്റെ വിധിയെഴുതിയത്.

No comments