APP DOWNLOAD

TRENDING

മരണക്കുഴി ഒരുക്കി ദേശീയപാതകൾ



കണ്ണൂര്: ദേശീയപാതയിലൂടെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ ജീവന്‍ കവരാന്‍ വന്‍ ഗര്‍ത്തങ്ങള്‍ പലയിടത്തും രൂപപ്പെട്ടു തുടങ്ങി. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലൂടെ കടന്നു പോവുന്ന ദേശീയപാത ഏതാണ്ട് മിക്കയിടത്തും തകര്‍ന്ന നിലയിലാണ്. വര്‍ഷങ്ങളായി റീ ടാറിങ്ങ് മുടങ്ങിയതും അറ്റകുറ്റപ്പണി നിലച്ചതുമാണ് ഇത്ര വ്യാപകമായി കുഴികള്‍ രൂപപ്പെടാനിടയാക്കിയത്. ദേശീയപാത സ്ഥലം ഏറ്റെടുപ്പുമായി തര്‍ക്കങ്ങളും ചര്‍ച്ചകളും നടക്കുമ്പോഴാണ് നിലവിലെ റോഡ് പൂര്‍ണമായും പൊളിഞ്ഞു പോകുന്നത്. കുഴിയില്‍ വീണ് ഇതിനകം ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. കണ്ണൂര്‍-കാസര്‍കോട് അതിര്‍ഥിയായ കാലിക്കടവില്‍ സ്ഥിതി രൂക്ഷമാണ്. രണ്ട് മരണങ്ങള്‍ ഇതിനകം ഇവിടെ സംഭവിച്ചു കഴിഞ്ഞു. കാലിക്കടവ് മുതല്‍ തലപ്പാടിവരെയുള്ള കാസര്‍കോട് ജില്ലയിലെ ദശീയപാത മുഴുവന്‍ ഏതാണ്ട് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. നിര്‍മാണത്തൊഴിലാളിയുമായ മയിച്ചയിലെ സിജിത്താണ് ബൈക്കുമായി പോകുന്നതിനിടെ അവസാനമായി മരണക്കുഴിയില്‍ വീണ് മരിച്ചത്. ഏതാനുംമാസം മുമ്പ്  പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ വ്യാപാരിയും മരിച്ചിരുന്നു. കുഴിയില്‍ വീണപ്പോള്‍ പിന്നാലെ എത്തിയ ലോറി കയറിയാണ് വ്യാപാരി ദാരുണമായി മരിച്ചത്. ഇതിനു പുറമേ കുഴികളില്‍ വീണു പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരും ഏറെയാണ്. കണ്ണൂര്‍ ജില്ലയിലും കുഴികള്‍ക്കു ശമനമില്ല. കനത്ത മഴയുള്ള സമയത്ത് കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുകയും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഇതില്‍ തട്ടി വീഴുകയാണ്. ധര്‍മ്മശാല ദേശീയപാതയില്‍ കെല്‍ട്രോണിനു സമീപം പാതയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ വാഹന കുരുക്ക് തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ പലയിടത്തും റോഡ് കുഴിഞ്ഞതോടെ കാല്‍നടയാത്രക്കാരുടെ വഴിയില്‍ കൂടിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ പോകുന്നത്.
ഇരുചക്ര വാഹനങ്ങളും ഓട്ടോകളുമാണ് ഇത്തരം കുഴികളില്‍ വീണ് ദുരിതത്തിലാവുന്നത്. കണ്ണൂര്‍ നഗരത്തിലും സ്ഥിതി മോശമല്ല. കാല്‍ടെക്‌സ് ജംഗ്ഷനില്‍ തന്നെയുണ്ട് വലിയ കുഴി. താഴൊവ്വ ഭാഗത്തേക്കും വന്‍ കുഴികള്‍ രൂപപ്പെട്ടു കഴിഞ്ഞു. മഴ ശക്തമാവുന്നതോടെ കുഴിയുടെ വലുപ്പം കൂടിക്കൂടി വരുന്ന സ്ഥിതിയുമുണ്ട്. കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം പെട്ടെന്ന് നിര്‍ത്തിയാലോ വെട്ടിച്ചാലോ പിന്നാലെ വരുന്ന വാഹനമിടിക്കും എന്നതാണ് സ്ഥിതി. ദേശീയപാത മാത്രമല്ല മറ്റ് റോഡുകളുടെയെല്ലാം സ്ഥിതി ഇത്തരത്തില്‍ ദയനീയമാണ്. ബൈപാസ് റോഡുകളും നഗരസഭ റോഡുകളും തകര്‍ന്നു കിടക്കുകയാണ്.

No comments