APP DOWNLOAD

TRENDING

തായ് ഗുഹയിൽ കുടുങ്ങിയവരെ ഫൈനലിന് ക്ഷണിച്ച് ഫിഫ; രക്ഷാശ്രമം ഊർജിതം


തായ്‌ലാൻഡിൽ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളെയും പരിശീലകനെയും ലോകകപ്പ് ഫൈനൽ കാണാൻ ക്ഷണിച്ച് ഫിഫ. 13 പേരെയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനശ്രമങ്ങൾക്ക് ഫിഫ എല്ലാ പിന്തുണയും അറിയിച്ചു.

തായ്‍ലാൻഡ് ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷനെഴുതിയ കത്തിലാണ് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാന്റിനോ പിന്തുണയറിയിച്ചത്. ''നാം പ്രതീക്ഷിക്കുന്നതുപോലെ കുട്ടികളെയും പരിശീലകനെയും എത്രയും പെട്ടെന്ന് രക്ഷപെടുത്താൻ കഴിയട്ടെ. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ  ലോകകപ്പ് ഫൈനൽ കാണാൻ ഞങ്ങളുടെ അതിഥികളായി അവരെ ക്ഷണിക്കാൻ ആഗ്രഹമുണ്ട്''. നേരത്തെ ലോകകപ്പിന്റെ വിവരങ്ങൾ കുട്ടികൾ രക്ഷാപ്രവർത്തക സംഘത്തോട് തിരക്കിയിരുന്നു.

ജൂൺ 23നാണ് 12 കുട്ടികളും ഫുട്ബോൾ പരിശീലകനും മത്സരശേഷം ഉത്തര തായ്‌ലാൻഡിലെ താം ലുവാങ് ഗുഹയിലെത്തിയത്. സംഘം അകത്ത് കയറിയതോടെ മഴ പെയ്ത്, ഗുഹയിൽ വെള്ളം നിറയുകയായിരുന്നു. പന്ത്രണ്ട് ദിവസത്തിലധികമായി ഗുഹയിൽ കുടുങ്ങിക്കിടക്കുന്ന ഇവരെ പുറത്തെത്തിക്കാൻ അതിതീവ്രമായ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഒൻപത് ദിവസങ്ങൾക്കൊടുവിൽ മാത്രമാണ് കുട്ടികളെ കണ്ടെത്താനായത്. രക്ഷാപ്രവർത്തനത്തിനിടെ മുൻ നാവികസേന ഉദ്യോഗസ്ഥൻ ശ്വാസം മുട്ടി മരിച്ചിരുന്നു.

മഴ ശക്തമായതോടെ ഗുഹക്കുള്ളിലെ വെള്ളം വറ്റിച്ച് കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കുട്ടികളെ നീന്തൽ പഠിപ്പിക്കാനുള്ള ശ്രമങ്ങളും പരിശോധിക്കുന്നുണ്ട്.

No comments