APP DOWNLOAD

TRENDING

ഉദയകുമാർ ഉരുട്ടിക്കൊലയിൽ രണ്ടു പൊലീസുകാർക്ക് വധശിക്ഷ; മൂന്ന് പേർക്ക് തടവ്; കേസിൽ നിർണായമായത് ഫോൺവിളി; കേസിന്റെ നാൾവഴികൾ


ഉദയകുമാര് വധക്കേസില്‍ രണ്ടു പൊലീസുകാര്‍ക്ക് വധശിക്ഷ.   ഡിസിആർബി എഎസ്ഐ കെ. ജിതകുമാറിനും നാർക്കോട്ടിക് സെൽ സിവിൽ പൊലീസ് ഓഫിസർ എസ്.വി. ശ്രീകുമാറിനുമാണ് വധശിക്ഷ. ‌മറ്റു പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും 5000 രൂപ പിഴയും കോടതി വിധിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.അജിത്കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ സാബു, ടി.കെ ഹരിദാസ്  എന്നിവരാണ് മറ്റു പ്രതികള്‍. സര്‍വീസിലുള്ള പൊലീസുകാര്‍ക്ക് വധശിക്ഷാവിധി സംസ്ഥാനത്താദ്യം


ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തി. നഗരത്തിലെ പാർക്കിൽനിന്നു മോഷണക്കേസ് പ്രതിയോടൊപ്പം കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാർ (28) തുടയിലെ രക്തധമനികൾ പൊട്ടി 2005 സെപ്റ്റംബർ 27നു രാത്രി പത്തരയോടെയാണു മരിച്ചത്.

'തന്റെ ഗുണ്ടകൾ ഒരുത്തനെ തല്ലിക്കൊന്നിട്ടിട്ടുണ്ട്’. സ്‌കൂളിൽ സഹപാഠിയായിരുന്ന മേലുദ്യോഗസ്‌ഥനോടു ഫോർട്ട് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിൾ വിജയകുമാർ ഫോണിൽ പറഞ്ഞ ഈ വാചകമാണ് ഉരുട്ടിക്കൊലക്കേസിൽ സിബിഐക്കു നിർണായക തെളിവായത്. ഇതു മുഖ്യതെളിവിൽ ഒന്നായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.

2005 സെപ്റ്റംബർ 27 (തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം): മോഷണക്കേസിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാറിനെ (28) കസ്റ്റഡിയിലെടുത്തു. രാത്രി പത്തരയോടെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപേ മരിച്ചു.


സെപ്റ്റംബർ 29: നർക്കോടിക്‌സ് എസി വക്കം പ്രഭ അന്വേഷണം തുടങ്ങി. ഫോർട്ട് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ ജിതകുമാർ, എആർ ക്യാംപിലെ ശ്രീകുമാർ എന്നീ പൊലീസുകാർക്കു സസ്‌പെൻഷൻ.

സെപ്റ്റംബർ 30: ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. തുടയുടെ ഭാഗത്ത് 22 ക്ഷതങ്ങൾ. സ്‌റ്റേഷൻ പരിസരത്തുനിന്ന് ഇരുമ്പുകമ്പി കണ്ടെത്തി. ‌‌

ഒക്‌ടോബർ 1: ഫോർട്ട് സിഐ: ഇ.കെ. സാബുവിനു സസ്‌പെൻഷൻ.

ഒക്ടോബർ 3: പൊലീസുകാരായ ശ്രീകുമാർ, ജിതകുമാർ എന്നിവർ കീഴടങ്ങി.

ഒക്‌ടോബർ 4: ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്കു സ്വന്തമായി വീടും സ്‌ഥലവും നൽകുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികളെ ഹാജരാക്കിയപ്പോൾ ചിത്രം മാധ്യമപ്രവർത്തകർ പകർത്താതിരിക്കാൻ കോടതിമുറ്റത്തു പൊലീസിന്റെ ഡമ്മി നാടകം.

ഒക്‌ടോബർ 5: മൂന്നാം പ്രതി ഫോർട്ട് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ സോമനെ അറസ്‌റ്റ് ചെയ്‌തു. അന്വേഷണം ക്രൈംബ്രാഞ്ചിന്.

ഒക്ടോബർ 10: കോടതിവളപ്പിൽ ഡമ്മി നാടകം നടത്തിയ പേട്ട സിഐ ഉൾപ്പെടെ മൂന്നു പേർക്കു സസ്പെൻഷൻ.

നവംബർ 11: ഉദയകുമാറിനെ മൂന്നു പൊലീസുകാർ ചേർന്ന് ഇരുമ്പു പൈപ്പ് തുടയ്‌ക്കു മീതെ ഉരുട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നു ക്രൈംബ്രാഞ്ച് സ്‌ഥിരീകരിച്ചു. പേശിക്കും ഞരമ്പുകൾക്കുമേറ്റ ക്ഷതം മരണകാരണമെന്നു നിഗമനം

2006 ഫെബ്രുവരി 12: പ്രതികളായ മൂന്നു പൊലീസുകാർക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. ഒരു സിഐയും രണ്ട് എസ്ഐമാരും ഉൾപ്പെടെ ഒൻപതു പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്കു ശുപാർശ.

2007 ജൂലൈ 2: കേസിലെ പ്രധാന സാക്ഷി സുരേഷ് കുമാർ അറസ്റ്റിൽ.

ജൂലൈ 4: സാക്ഷികളായ ഹെഡ് കോൺസ്‌റ്റബിൾ ഡി. വിജയകുമാർ, കോൺസ്‌റ്റബിൾ അനിൽകുമാർ എന്നിവർ കൂറുമാറി.

സെപ്റ്റംബർ 23: ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർക്കു ജാമ്യം.

സെപ്റ്റംബർ 13: അന്വേഷണം സിബിഐക്കു വിടേണ്ടതാണെന്നു ഹൈക്കോടതി.

2008 ഓഗസ്റ്റ് 26: സിബിഐ അന്വേഷണം ഏറ്റെടുത്തു.

ഒക്ടോബർ 20: ഹെഡ് കോൺസ്‌റ്റബിൾ ഡി. വിജയകുമാർ, കോൺസ്‌റ്റബിൾ അനിൽ കുമാർ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു.

2009 മേയ്18: എഫ്ഐആർ തിരുത്തിയതിനും വ്യാജരേഖ ചമച്ചതിനും എസ്ഐ: രവീന്ദ്രൻ നായർ, ഹെഡ്‌കോൺസ്‌റ്റബിൾ ഹീരാലാൽ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു.

2010 സെപ്റ്റംബർ 27: മൂന്നു പൊലീസുകാർക്ക് എതിരെ കൊലക്കുറ്റം ചുമത്തി സിബിഐയുടെ കുറ്റപത്രം.

ഡിസംബർ 14: ഹെഡ്‌കോൺസ്‌റ്റബിൾ വി.പി.മോഹനൻ, സിഐ: ടി.അജിത്‌കുമാർ, അസി. കമ്മിഷണർ ഇ.കെ. സാബു എന്നിവരെക്കൂടി കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യാൻ സിബിഐക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി.

2012 ജൂൺ 29: അനുബന്ധ കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തിൽ പുനർവിചാരണ ആവശ്യപ്പെട്ടു സിബിഐ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

നവംബർ 17: ഉദയകുമാറിന്റെ മാതാവ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപ സർക്കാർ നൽകണമെന്നും കേസന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

2013 ഏപ്രിൽ എട്ട്: പ്രതികളായ പൊലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു.

2014 മേയ് 12: എസ്‌പി: ടി.കെ. ഹരിദാസിനെ ഏഴാം പ്രതിയാക്കി സിബിഐയുടെ ഒറ്റ കുറ്റപത്രം. കൊലപാതകത്തിനും ഗൂഢാലോചനയ്‌ക്കും സമർപ്പിച്ച പ്രത്യേക കുറ്റപത്രങ്ങൾ ഒന്നാക്കിയാണു സമർപ്പിച്ചത്.

ജൂൺ 27: വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.

2015 ജനുവരി 9: പ്രതി ടി.കെ. ഹരിദാസിനെ കൊലക്കേസിൽ വിചാരണ ചെയ്യേണ്ടതില്ലെന്നു ഹൈക്കോടതി നിർദേശിച്ചു.

ഒക്ടോബർ 20: വിചാരണ അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുകയാണെന്നാരോപിച്ച് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയിൽ.

2016 മാർച്ച് 31: അമ്മയ്ക്കു സർക്കാർ 10 ലക്ഷം രൂപ നൽകണമെന്നു ഹൈക്കോടതി.

2018 മാർച്ച് 10: മൂന്നാം പ്രതി സോമന്റെ (56) മരണം.

2018 ജൂലൈ 20: വാദം പൂർത്തിയായി

No comments