നാടിനെ നടുക്കിയ കാക്കയംചാല് മറിയക്കുട്ടി കൊലക്കേസ്:സി.ബി.ഐ സംഘം വിശദപരിശോധന നടത്തി
ചെറുപുഴ: മലയോരത്തെ നടുക്കിയ കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി (74) കൊലക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വീണ്ടും കാക്കയംചാലില്‍ എത്തി. സിബിഐ തിരുവനന്തപുരം യൂണിറ്റില്‍ നിന്നുമുള്ള അന്വേഷണ സംഘം കഴിഞ്ഞ മൂന്നിനു കൊലപാതകം നടന്ന വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വീണ്ടും സംഭവസ്ഥലത്ത് എത്തിയത്. 2012 മാര്‍ച്ച് നാലിനു രാത്രിയിലാണ് വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന മറിയക്കുട്ടി വീടിനകത്ത് തലയ്ക്കടിയേറ്റു മരിച്ചത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് വര്‍ഷങ്ങളായി ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മറിയക്കുട്ടിയുടെ മക്കളുടെ പരാതിയില്‍ ഹൈക്കോടതിയാണ് അന്വേഷണം സിബിഐയ്ക്കു വിട്ടത്.
രണ്ട് മണിക്കൂറോളം കൊലപാതകം നടന്ന വീടും പരിസരവും പരിശോധിച്ച അന്വേഷണ സംഘം പോലീസ് നായ പോയ വഴികളും കൊലപാതകം നടത്തിയവര്‍ ഭക്ഷണം കഴിച്ച സ്ഥലവും മറ്റും പരിശോധിച്ചു.



No comments