APP DOWNLOAD

TRENDING

മട്ടന്നൂര്‍ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധം; അന്വേഷണം വേണമെന്ന് ചെന്നിത്തല.പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെങ്കില്‍ അത് നടക്കില്ലെന്നും രമേശ് ചെന്നിത്തല



തിരുവനന്തപുരം: ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സി.പി.എം എടയന്നൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രശാന്ത് ഉള്‍പ്പടെയുള്ള വരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മട്ടന്നൂര്‍ സി.ഐ.ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു.
   പ്രകോപനമില്ലാതെയാണ് പൊലീസ് മര്‍ദ്ദനം അഴിച്ചു വിട്ടത്. കേസില്‍ പ്രതിയാണെന്ന് കോടതിയില്‍  കുറ്റപത്രം നല്‍കിയിട്ടും സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സംരക്ഷിക്കുന്ന നയമാണ് പൊലീസ് സ്വീകരിക്കുന്നത്. ഇത് ചോദ്യം ചെയ്ത് മാര്‍ച്ച് നടത്തിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്യാനും പൊലീസ് തയ്യാറായി.




   ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സി.പി.എമ്മിന് വിടുപണി ചെയ്യുകയാണ് ഈ ലാത്തിച്ചാര്‍ജിലൂടെ പൊലീസ് ചെയ്തത്. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെങ്കില്‍ അത് നടക്കില്ല. പൊലീസിന്റെ അതിക്രമത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

No comments