ഡി.സി.സി നേതൃത്വത്തില്‍ ഭിന്നത രൂക്ഷമാകുന്നു
കണ്ണൂര്: ഡി സി സി നേതൃത്വത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷം. നേതൃയോഗങ്ങളില്‍ തുടര്‍ച്ചയായി ചിലരെ ക്ഷണിക്കുന്നില്ലെന്നാണ് ആരോപണം. പ്രസിഡന്റ് സതീശന്‍ പാച്ചേനി ആശ്രിത വത്സലരെ മാത്രം യോഗങ്ങളിലേക്ക് ക്ഷണിക്കുന്നുവെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
നേതൃത്വത്തിലെ പതിനാറോളം പേര്‍ പ്രത്യേകമായി യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്. ഡി സി സി യോഗങ്ങളില്‍ ധര്‍മ്മടം ബ്‌ളോക്ക് കമ്മിറ്റിയിലെ പ്രധാന ഭാരവാഹികളെ പോലും ക്ഷണിക്കുന്നില്ലെന്ന് അക്ഷേപം ഉണ്ട്. ധര്‍മ്മടം മണ്ഡലം കമ്മിറ്റിയുടെ ചുമതല ഉണ്ടായിരുന്ന സി.രഘുനാഥിനെ ഈ സ്ഥാനത്തു നിന്ന് മാറ്റിയത് അദ്ദേഹം പോലും അറിഞ്ഞിട്ടില്ല. തങ്ങളെ ഡിസിസിയുടെ പരിപാടികള്‍ അറിയിക്കാറില്ലെന്ന് സി രഘുനാഥിനെ പോലുള്ളവര്‍ പരസ്യമായി തന്നെ പറയുന്നുണ്ട്.മുന്‍ കമ്മിറ്റിയില്‍ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതും വിമര്‍ശനം ഉന്നയിച്ചതുമാണ് ഒരു വിഭാഗത്തിനെതിരെ സതീശന്‍ പാച്ചേനിയെ ചൊടിപ്പിക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.
സതീശന്‍ പാച്ചേനി ഡി സി സി അദ്ധ്യക്ഷനായപ്പോള്‍ പാര്‍ട്ടിയെ ശക്തമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃനിരയിലെ എല്ലാവരും. പക്ഷേ കമ്മിറ്റിയില്‍ അഭിപ്രായങ്ങള്‍ കേള്‍ക്കാനുള്ള മര്യാദപോലും അദ്ദേഹത്തിനില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
രജിത്ത് നാറാത്ത്, പൊന്നമ്പേത്ത് ചന്ദ്രന്‍ തുടങ്ങിയ വിശ്വസ്തര്‍ പറയുന്നത് മാത്രമാണ് സതീശന്‍ പാച്ചേനി അനുസരിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ഭാരവാഹികളെ യോഗങ്ങളിലേക്ക് നിരന്തരം ക്ഷണിക്കാതിരിക്കാന്‍ മറ്റൊരു കാരണവുമില്ലെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. വര്‍ഷങ്ങളോളമായി കോണ്‍ഗ്രസ് നേതൃ രംഗത്തുള്ള 16 ഓളം ഭാരവാഹികള്‍ സമാന്തരയോഗങ്ങള്‍ നടത്തുകയാണ്.
കണ്ണൂര്‍ ഡി സി സി യില്‍ രൂപപ്പെട്ടിട്ടുള്ള തൊഴുത്തില്‍ കുത്ത് എ.ഐ.സി.സി രാഷ്ട്രീയ സമിതി അംഗം കെ. സുധാകരന് കെ പി സി സി പ്രസിഡന്റ് സ്ഥാനം ലഭിക്കാനുള്ള സാധ്യതക്ക് മങ്ങലേല്‍പ്പിക്കുമെന്നുറപ്പാണ്. കെ പി സി സി അദ്ധ്യക്ഷനെ നിയോഗിക്കാനുള്ള അന്തിമ ചര്‍ച്ചകള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നുവരവേയാണ് കണ്ണൂര്‍ ഡി സി സിക്കകത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. സുധാകര വിഭാഗത്തിലും സതീശന്‍ പാച്ചേനിയുടെ നീക്കങ്ങളില്‍ അതൃപ്തി ഉണ്ട്.
No comments