APP DOWNLOAD

TRENDING

റമദാനില്‍ ഒരു ലക്ഷം യാചകര്‍ എത്തിയിട്ടുണ്ടെന്ന് കൊല്ലം ഈസ്റ്റ് സി ഐയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം:അന്വേഷണം തുടങ്ങിയതായി പോലീസ്

റമദാനില്‍ ഒരു ലക്ഷം യാചകര്‍ എത്തിയിട്ടുണ്ടെന്ന് കൊല്ലം ഈസ്റ്റ് സി ഐയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ഇതേ കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് പോലീസ്  ബുധനാഴ്ച്ച രാവിലയോടെയാണ് സോഷ്യല്‍ മീഡിയയില്‍ കേരള പോലീസ് അറിയിപ്പ് എന്ന പേരില്‍ വ്യാജ പ്രചരണം ആരംഭിച്ചത്. പോലീസിന്റെ ലെറ്റര്‍ ഹെഡിലാണ് വ്യാജ അറിയിപ്പ് പ്രചരിക്കുന്നത്.

റമദാനില്‍ നിരവധി യാചകര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ട്. ഇവര്‍ കൊടും ക്രിമിനലുകളാണെന്നും ഒരു നയാ പൈസയും കൊടുക്കാന്‍ പാടില്ലെന്നും സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ യാചകര്‍ വന്നാല്‍ വാതില്‍ തുറക്കാതെ അവരെ പറഞ്ഞു വിടണമെന്നുമാണ് അറിയിപ്പില്‍ പറയുന്നത്.
പോലീസിന്റെ കണക്കു പ്രകാരം കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങിയ അന്യ സംസ്ഥാനക്കാര്‍ ഒരുലക്ഷത്തോളം വരുമെന്ന കണക്കും വ്യാജ അറിയിപ്പില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റമദാന്‍ മാസത്തില്‍ യാചിക്കാനും നോമ്ബെടുത്ത് അവശരായവരെ കീഴ്‌പ്പെടുത്താനും കവര്‍ച്ച നടത്താനുമാണ് ഇവരുടെ ലക്ഷ്യമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
അന്യ സംസ്ഥാന ജോലിക്കാര്‍ക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നും സംഘടിത പ്രചരണം നടക്കുന്നതായി നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രചരണവും അന്യ സംസ്ഥാനക്കാരായ ജോലിക്കാരെ ലക്ഷ്യമിട്ടാണെന്നും പോലീസ് സംശയിക്കുന്നു. അറിയിപ്പില്‍ കൊടുത്ത സീലിലെ തീയ്യതി 2018 ഓഗസ്റ്റ് 16 ലേതാണ്. ഇതോടെയാണ് അറിയിപ്പ് വ്യജമാണെന്ന സംശയം ഉണ്ടാക്കിയത്. കത്തിന്റെ നിജസ്ഥിതി അന്വേഷിച്ച്‌ നിരവധി ഫോണ്‍കോളുകളാണ് ഈസ്റ്റ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

No comments