APP DOWNLOAD

TRENDING

അരിയില്‍ ഷുക്കൂര്‍ വധം: തല്‍സ്ഥിതി റിപ്പോര്‍ട്ട് സിബിഐ മുദ്രവച്ച കവറില്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു

ദില്ലി: സിപിഐഎം നേതാക്കളായ പി ജയരാജന്‍, ടിവി രാജേഷ് എന്നിവര്‍ പ്രതികളായ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സിബിഐ മുദ്രവച്ച കവറില്‍ സുപ്രിം കോടതിക്ക് കൈമാറി. സിബിഐ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന് കേരളസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ട് ആദ്യം തങ്ങള്‍ പരിശോധിച്ച ശേഷമേ കൈമാറാന്‍ കഴിയൂ എന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് കൈമാറിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കേസിലെ പ്രതികളായ പി ജയരാജന്‍, കെ പ്രകാശന്‍ എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. കോടതി നിര്‍ദേശിച്ചത് അനുസരിച്ചാണ് സിബിഐ മുദ്രവച്ച കവറില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ജയരാജന്റെയും പ്രകാശന്റെയും ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോള്‍ സീനിയര്‍ അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന് ഷുക്കൂറിന്റെ അമ്മയുടെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു.

ഇതിനിടെ സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരേന്‍ പി റാവല്‍ സിബിഐ മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് കൈമാറണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സിബിഐ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ആദ്യം ജഡ്ജിമാര്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കൈമാറാം എന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി. മെയ് രണ്ടാം വാരം കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

യൂത്ത് ലീഗ് പ്രവര്‍ത്തകനായ പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. കേസ് ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കേസ് സിബിഐയ്ക്ക് വിടുന്നതാണ് ഉചിതമെന്ന് അന്നത്തെ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുത്തില്ല. ഇതിനിടെ സംസ്ഥാന പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാന പൊലീസ് കുറ്റപത്രം നല്‍കിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജയരാജനും കെ പ്രകാശനും സുപ്രിം കോടതിയെ സമീപിച്ചത്.

No comments