APP DOWNLOAD

TRENDING

ആസിഫയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

കൊച്ചി: കത്വവയില്‍ ക്രൂരബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു.  കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരേയാണ് പനങ്ങാട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ സഹോദരപുത്രനാണ് വിഷ്ണു നന്ദകുമാര്‍. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് ഇയാള്‍. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തത്.      ഇവളെ കൊന്നത് നന്നായെന്നും ഇല്ലെങ്കില്‍ ഇന്ത്യക്കെതിരെ ബോംബുമായി എത്തുമെന്നുമായിരുന്നു വിഷ്ണു തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതി നടപ്പാക്കണം എന്നാവശ്യപ്പെട്ട് രാജ്യം മുഴുവന്‍ പ്രതികരണങ്ങളുമായി മുന്നിട്ടിറങ്ങിയ സാഹചര്യത്തിലാണ് വിഷ്ണുവിന്റെ മനുഷത്വരഹിതമായ കമന്റ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമായത്.     കൊടാക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജറായിരുന്നു ഇയാള്‍. പ്രതിഷേധം ശക്തമായതോടെ വിഷ്ണുവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ബാങ്ക് ഇന്നലെ അറിയിച്ചു. നിരവധി സംഘടനകള്‍ വിഷ്ണുവിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു.  

1 comment: