APP DOWNLOAD

TRENDING

ന്യു ബസാറിൽ പാലത്തിനു സമീപം അറവുശാലക്കെതിരെ നടപടിയില്ല

ആലക്കോട് ∙ കരുവഞ്ചാൽ ന്യു ബസാറിൽ പാലത്തിനു സമീപം ശുചിത്വമില്ലാതെ പ്രവർത്തിക്കുന്ന അറവുശാലയ്ക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കരുവഞ്ചാൽ ടൗണിൽ രണ്ടുപതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവന്ന അറവുശാലകളും മത്സ്യവിൽപനകേന്ദ്രങ്ങളും ശുചിത്വമില്ലെന്നും പുഴജലം മലിനമാക്കുന്നുവെന്നുമുള്ള കാരണത്താൽ ആരോഗ്യവകുപ്പ് അടപ്പിച്ചിരുന്നു.


അറവ് നടത്തിയ കന്നുകാലികളുടെ കൊമ്പുകൾ ജീർണിച്ച നിലയിൽ.
കരുവഞ്ചാൽ ടൗണിലെ അറവുശാലകൾ നടുവിൽ പഞ്ചായത്ത് പരിധിയിലും ന്യു ബസാറിലേത് ആലക്കോട് പഞ്ചായത്തിലുമാണ്. അതേസമയം കരുവഞ്ചാൽ ടൗണിലെ അറവുശാല അടച്ചുപൂട്ടിയതിനെത്തുടർന്ന് ഈസ്റ്റർ ദിവസം മുതൽ വില വർധിപ്പിക്കാനുള്ള നീക്കം ഇവിടെ നടക്കുന്നുണ്ട്. നിലവിൽ സമീപപ്രദേശങ്ങളിലുള്ളതിനേക്കാൾ വില കൂട്ടിയാണ് ഇവിടെ ഇറച്ചി വിൽപന.

അതേസമയം പുഴ ശുചീകരണപ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകുമെന്ന് കൊട്ടിഘോഷിക്കുന്ന ആലക്കോട് പഞ്ചായത്ത് പുഴ ശുചീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന നടുവിൽ പഞ്ചായത്തിന്റെ നടപടിക്കു വിലങ്ങുതടിയാകുന്ന അവസ്ഥയാണ്. മലയോരത്തെ പ്രധാന ജലസ്രോതസ്സായ കരുവഞ്ചാൽ പുഴ വർഷങ്ങളായി വിവിധ കാരണത്താൽ മലിനപ്പെട്ട നിലയിലാണ്.

ഇതിനു പ്രധാന കാരണം പുഴയോരത്തു പ്രവർത്തിക്കുന്ന അറവുശാലകളും മത്സ്യവിൽപന കേന്ദ്രങ്ങളുമാണ്. കരുവഞ്ചാൽ ന്യു ബസാറിൽ പുഴയോടു ചേർന്നാണ് അനധികൃതമായി അറവുശാല പ്രവർത്തിക്കുന്നത്. അറവുനടത്തുന്ന കന്നുകാലികളുടെ വിസർജ്യവസ്തുക്കളടക്കമുള്ള മാലിന്യങ്ങൾ പുഴയോടു ചേർന്ന ഭാഗത്താണ് തള്ളുന്നത്. മഴവെള്ളത്തിൽ ഇവ ഒഴുകി പുഴയിലെത്തുകയും പുഴജലം മലിനപ്പെടുകയും ചെയ്യുന്നു.

No comments