APP DOWNLOAD

TRENDING

തലശ്ശേരി കലാപം പുനരന്വേഷണം: സുധാകരന്റെ ഉള്ളിലുള്ള സംഘപരിവാര്‍ വിധേയത്വമാണ് പുറത്തുവരുന്നതെന്ന് പി.ജയരാജന്‍

കണ്ണൂര്‍: തലശ്ശേരി കലാപത്തെ കുറിച്ച് പുനരന്വേഷണം നടത്തണമെന്ന ആവശ്യത്തിലൂടെ കെ സുധാകരന്റെ ഉള്ളിലുള്ള സംഘപരിവാര്‍ വിധേയത്വമാണ് പുറത്തുവരുന്നതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇത് യാദൃശ്ചികമായ കാര്യമല്ലെന്നും പത്ത് മാസം മുന്‍പ് ബിജെപി അഖിലേന്ത്യാ നേതൃത്വവുമായുള്ള രഹസ്യ ചര്‍ച്ചയില്‍ തീരുമാനിക്കപ്പെട്ടതും സുധാകരനെ ഏല്‍പിച്ചതുമായുള്ള ദൗത്യമാണെന്നും പറഞ്ഞ ജയരാജന്‍, അതിന്റെ ഭാഗമായാണ് ഗാന്ധിവധ പുനരന്വേഷണ ആവശ്യം പോലെ തലശേരി കലാപത്തെ കുറിച്ചുള്ള അന്വേഷണ ആവശ്യവുമെന്നും ഫെയ്സ്ബുക്ക് കുറപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

1971 ഡിസംബറില്‍ നടന്ന തലശേരി വര്‍ഗ്ഗീയ കലാപത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന ആവശ്യം കോണ്‍ഗ്രസ്സുകാരനായ കെ സുധാകരന്‍ ഉയര്‍ത്തിയതായാണ് വാര്‍ത്ത.
   ഇദ്ദേഹത്തിന്റെ പ്രസംഗം നടന്ന ദിവസത്തെ പത്രങ്ങളില്‍ സുപ്രിം കോടതി ഒരു ഹര്‍ജി തള്ളിയതിനെ കുറിച്ചുള്ള വാര്‍ത്തയുണ്ട്. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഗാന്ധി വധത്തെ കുറിച്ച് പുനരന്വേഷണം നടത്തണമെന്ന സംഘപരിവാര്‍ സംഘടനകളില്‍ ഒന്നിന്റെ ഹര്‍ജിയാണ് തള്ളിയത്. മഹാത്മാ ഗാന്ധിക്ക് ചിത്രത്തിലുള്ള സ്ഥാനം താഴ്ത്തിക്കെട്ടാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിത്. മേല്‍പറഞ്ഞ രണ്ട് കാര്യങ്ങളും തമ്മില്‍ വലിയ പൊരുത്തമുണ്ട്. ചരിത്രത്തെ കീഴ്മേല്‍ മറിക്കാനുള്ള ആര്‍എസ്എസ് ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞതാണല്ലോ.
  തലശേരി വര്‍ഗ്ഗീയ കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍, കലാപകാലത്ത് സമുദായ സൗഹാര്‍ദത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഏക പാര്‍ട്ടി സിപിഐ(എം) ആണെന്ന് രേഖപ്പെടുത്തുകയുണ്ടായി. സമുദായ സൗഹാര്‍ദ്ദത്തിന് വേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി നേതാവായ സഖാവ് യുകെ കുഞ്ഞിരാമനെ ആര്‍എസ്എസുകാര്‍ പതിയിരുന്നു ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ വസ്തുത മറച്ചു വെക്കാന്‍ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗമായ സഖാവ് യുകെയെ കള്ളു ഷാപ്പിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മരിച്ചെന്നാണ് ആര്‍എസ്എസുകാര്‍ അക്കാലം മുതല്‍ പ്രചരിപ്പിച്ചിരുന്നത്.
   ഇപ്പോഴാവട്ടെ അത്തരം പ്രചാരവേല കോണ്‍ഗ്രസ്സുകാരനായ സുധാകരന്‍ കൂടി ഏറ്റെടുത്തിരിക്കുന്നു. ഇത് യാദൃശ്ചികമായ കാര്യമല്ല. പത്ത് മാസം മുന്‍പ് ബിജെപി അഖിലേന്ത്യാ നേതൃത്വവുമായുള്ള രഹസ്യ ചര്‍ച്ചയില്‍ തീരുമാനിക്കപ്പെട്ടതും സുധാകരനെ ഏല്‍പിച്ചതുമായുള്ള ദൗത്യമാണ്. അതിന്റെ ഭാഗമായാണ് ഗാന്ധിവധ പുനരന്വേഷണ ആവശ്യം പോലെ തലശേരി കലാപത്തെ കുറിച്ചുള്ള അന്വേഷണ ആവശ്യവും. സുധാകരന്റെ ഉള്ളിലുള്ള സംഘപരിവാര്‍ വിധേയത്വമാണ് തികട്ടി പുറത്ത് വരുന്നത്. കലാപകാലത്ത് മാളത്തില്‍ ഒളിച്ച പാര്‍ട്ടികളായിരുന്നു കോണ്‍ഗ്രസും ലീഗും എന്ന് തലശേരിയിലും പരിസരത്തുമുള്ള ജനങ്ങള്‍ക്ക് നന്നായി അറിയാം, ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

No comments