മുഴക്കുന്നിൽ എ ബി വി പി പ്രവർത്തകർക്ക് നേരെ അക്രമം; നാല് പേർ പരിക്കുകളോടെ ആശുപത്രിയിൽ
On Feb 24, 2018
ഇരിട്ടി : മുഴക്കുന്ന് നല്ലൂരിൽ എ ബി വിപി പ്രവർത്തകർക്ക് നേരെ അക്രമം. ഇരുമ്പ് ദണ്ഡുകൊണ്ടും മറ്റും അടിയേറ്റു പരിക്കേറ്റ നാലുപേരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി പയഞ്ചേരി സ്വദേശികളായ അമൽ ആയഞ്ചേരി (23 ) , സഹോദരൻ അക്ഷയ് ആയഞ്ചേരി (18 ), വി. അമൽ (22 ), ശരത്ത് രാജ് (18 ) എന്നിവരെയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സി പി എം പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവർ പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ 5 മണിയോടെ മുഴക്കുന്ന് നല്ലൂരിൽ വെച്ചായിരുന്നു അക്രമം. നല്ലൂർ പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ തെയ്യം കാണാനെത്തി വിട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ പത്തോളം പേർ അടങ്ങുന്ന സംഘം ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പ് ദണ്ഡുകൾ കൊണ്ടും മറ്റും മർദ്ദിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ആൾട്ടോ കാറും ഇവർ അടിച്ചു തകർത്തു. അമൽരാജിന്റെ മൂന്ന് പവനോളം വരുന്ന സ്വർണ്ണ മാലയും ശരത് രാജിന്റെ മൊബൈൽ ഫോണും അക്രമികൾ തട്ടിയെടുത്തു. നിങ്ങൾ പയഞ്ചേരി ശാഖയിലെ സംഘികളല്ലേ എന്ന് പറഞ്ഞാണ് ഇവർ മർദ്ദിച്ചതെന്നു അക്രമത്തിനിരയായവർ പറഞ്ഞു. യാതൊരു വിധ പ്രകോപനവുമില്ലതെ നടത്തിയ അക്രമത്തിനു പിന്നിൽ രാഷ്ട്രീയ വിരോധമാണ് കാരണമെന്നാണ് അറിയാൻ കഴിയുന്നത്.


No comments