APP DOWNLOAD

TRENDING

ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത കനക്കുന്നു; മൃതദേഹം വിട്ടുകൊടുക്കാനുള്ള അനുമതി കിട്ടിയില്ല

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. ഇന്നലെ രാത്രി ദുബൈ പൊലീസ് ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴിയെടുത്തു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള അനുമതി ഇനിയും ലഭ്യമായിട്ടില്ല. മൃതദേഹം എപ്പോള്‍ നാട്ടിലെത്തിക്കാനാവും എന്നത് സംബന്ധിച്ചും അവ്യക്തത തുടരുകയാണ്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് ശ്രീദേവി മരിച്ചതെന്ന് നാട്ടിലെ ബന്ധുക്കളെ ഉദ്ധരിച്ച് പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ പാടെ നിരാകരിക്കുന്നതാണ് പിന്നീട് ലഭിച്ച ഓരോ ഔദ്യോഗിക വിവരങ്ങളും. ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള സാഹചര്യങ്ങളെ കുറിച്ച് ദുബൈ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഭര്‍ത്താവ് ബോണി കപൂറില്‍ നിന്ന് പൊലീസ് ഇതുസംബന്ധിച്ച മൊഴിയെടുത്തു. ഇന്നലെ രാത്രി ബര്‍ദുബൈ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. തുടര്‍ന്ന് ഇദ്ദേഹത്തെ താമസിക്കുന്ന ഹോട്ടലില്‍ പൊലീസ് തിരിച്ചെത്തിച്ചു. ദുബൈ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലെ 2201 അപ്പാര്‍ട്ടുമെന്റിലാണ് ശ്രീദേവി താമസിച്ചിരുന്നത്. ഇവിടുത്തെ ബാത്ത് ടബ്ബില്‍ അബദ്ധത്തില്‍ മുങ്ങിമരിച്ചു എന്നാണ് മരണസര്‍ട്ടിഫിക്കറ്റിനൊപ്പമുള്ള രേഖ വ്യക്തമാക്കുന്നത്. ശരീരത്തില്‍ ആല്‍ക്കഹോള്‍ സാന്നിധ്യവും കണ്ടെത്തി. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിലും കേസിന്റെ ഗതി നിര്‍ണയിക്കുന്നതിലും പബ്ലിക് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് നിര്‍ണായകമാണ്. റാസല്‍ഖൈമയിലും ശ്രീദേവി താമസിച്ച ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി. അന്വേഷണം തുടരുമ്പോഴും പബ്ലിക് പ്രോസിക്യൂഷന്‍ അനുവദിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകും.

No comments