ചീമേനി പുലിയന്നൂരിലെ റിട്ടയേര്‍ഡ് അധ്യാപികയുടെ കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍
February 21, 2018 | 3:30 pm
ചെറുവത്തൂര്‍: ചീമേനി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പുലിയന്നൂരില്‍ നാടിനെ നടുക്കിയ റിട്ടയേര്‍ഡ് അധ്യാപിക ജാനകി ടീച്ചറെ കൊലപ്പെടുത്തിയ കേസില്‍ രണ്ട്‌പേര്‍ കസ്റ്റഡിയില്‍. പൊലിസിന്റെ കസ്റ്റഡിയിലുള്ള രണ്ടു പേരും അന്വേഷണ സംഘത്തോട് കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
2017 ഡിസംബര്‍ 13നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭക്ഷണം കഴിച്ച് ഉറങ്ങാനൊരുങ്ങുകയായിരുന്ന ജാനകി ടീച്ചറയെും ഭര്‍ത്താവ് കളത്തേര കൃഷ്ണനെയും വീട്ടിലെത്തിയ രണ്ടംഗ സംഘം അക്രമിക്കുകയായിരുന്നു. ജാനകി ടീച്ചറെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൃഷ്ണനെയും അക്രമിച്ചു.
ഗുരുതരമായി പരുക്കേറ്റ കൃഷ്ണനെ മംഗല്‍രുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള 22 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
ആക്രമണത്തിന്റെ ലക്ഷ്യം കവര്‍ച്ചയായിരുന്നുവെന്നാണ് പിടിയിലായ പ്രതികളില്‍ നിന്ന് പൊലിസിന് ലഭിച്ച സൂചന. കസ്റ്റഡിയിലുള്ള പ്രതികളെ കാസര്‍കോട് എത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.
സംഭവം നടന്ന് രണ്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാത്തത് ദുരൂഹത ഉയര്‍ത്തിയിരുന്നു. അന്വേഷണം ഇഴയുന്നതായി ആരോപിച്ച് നിരവധി സംഘടനകള്‍ പ്രക്ഷോഭ രംഗത്തായിരുന്നു. ഇതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ വലയിലാക്കിയത്.


No comments