APP DOWNLOAD

TRENDING

ട്വന്റി 20: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ജയം,പരമ്പര

ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ ഇന്ത്യയ്ക്കു ഏഴു റൺസ് ജയവും പരമ്പരയും. ദക്ഷിണാഫ്രിക്കയിൽ ഒരേ സമയം രണ്ടു പരമ്പരകൾ നേടുന്നത് ഇതാദ്യമാണ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. 47 റൺസെടുത്ത ശിഖർ ധവാന്റേയും 43 റൺസെടുത്ത സുരേഷ് റെയ്നയുടേയും മികവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് പ്രതീക്ഷിച്ച പോലെ റൺസ് കണ്ടെത്താനായില്ല. തുടക്കത്തിൽ തന്നെ 11 റൺസെടുത്ത രോഹിത് ശർമയെ നഷ്ടമായി. വൺ ഡൗണായി ഇറങ്ങിയ സുരേഷ് റെയ്ന മികച്ച ഫോമിൽ കളിച്ചു. സാമാന്യം വേഗത്തിൽ തന്നെ റൺസ് കണ്ടെത്തി. എന്നാൽ ഏറെ അപകടകാരിയാകും മുൻപ് റെയ്നയെ ഷംസി പുറത്താക്കി. 27 പന്തുകളിൽ നിന്ന് 43 റൺസാണ് റെയ്ന നേടിയത്. ശിഖർ ധവാന്റെ പ്രകടനവും നിർണായകമായി. നാൽപതു പന്തുകളിൽ നിന്നും 47 റൺസാണ് ധവാൻ നേടിയത്.മനീഷ് പാണ്ഡ്യ 13 റൺസുമായി പുറത്തായി. കൂറ്റൻ അടിക്കു ശ്രമിച്ച് ധോണി (12) യും ഹാർദിക് പാണ്ഡ്യയും(21) കാർത്തികും (13) പുറത്തായി. ഡാല മൂന്നും മോറിസ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മുന്നോട്ടുള്ള കുതിപ്പ് അത്ര വേഗത്തിലായിരുന്നില്ല. ആദ്യ ഓവറുകളിൽ റൺസ് ശരാശരി മാത്രം. ഇതിനിടയിൽ ഹെൻഡ്രിക്സ് ഏഴു റൺസുമായി പുറത്ത്. മില്ലർ 24 റൺസുമായും പുറത്തായി. എന്നാൽ ഒരറ്റത്തു നങ്കൂരമിട്ടു കളിച്ച ഡുമിനി ശ്രദ്ധാപൂർവം സ്കോർ ബോർഡ് ചലിപ്പിച്ചു. മോശം പന്തുകളിൽ തിരഞ്ഞെടുത്ത് റൺസ് കണ്ടെത്തുന്നതിൽ ഡുമിനി മിടുക്കു കാട്ടി. ക്്ളാസൺ (ഏഴ്) കാര്യമായ സംഭാവന നൽകാതെ പുറത്തായി. അനായാസം ബാറ്റ് ചലിപ്പിച്ചു കൊണ്ടിരുന്ന ഡുമിനി കൂറ്റനടിയ്ക്കു ശ്രമിച്ച് പുറത്തായത് ഇന്ത്യയ്ക്കു ഏറെ ആശ്വാസം നൽകി. 41 പന്തുകളിൽ നിന്നും രണ്ടു ഫോറുകളും മൂന്നു സിക്സും അടക്കം 55 റൺസാണ് ഡുമിനി നേടിയത്. താക്കൂറിനാണ് വിക്കറ്റ്.

ശേഷമിറങ്ങിയ മോറിസിന്റെ കുറ്റി തെറിപ്പിച്ച് ബുംറ ആതിഥേയരെ പ്രതിരോധത്തിലാക്കി. എന്നാൽ മനസാന്നിധ്യം കൈവിടാതെ ജോങ്കർ ക്രീസിൽ നിലയുറപ്പിച്ചു. പന്ത് തുടരെ അതിർത്തി കടത്തി ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി. ഏതു പന്തെറിഞ്ഞാലും ജോങ്കർ അത് വേലിക്കെട്ടിന് പുറത്തേക്ക് പറത്തുന്ന അവസ്ഥ. പല വിധത്തിലും തരത്തിലും പന്ത് മാറ്റിയെറിഞ്ഞിട്ടും രക്ഷയില്ലാത്ത അവസ്ഥ. ഇതോടെ ആരു ജയിക്കുമെന്ന് കാര്യത്തിൽ അനിശ്ചിതാവസ്ഥ. ഇന്ത്യൻ ജയത്തിനു വിലങ്ങു തടിയായി നിന്നത് ജോങ്കർ. കളി അവസാന ഓവറിലേക്ക് നീണ്ടു. എന്നാൽ അവസാന പന്തുകളിൽ വിചാരിച്ച പോലെ റൺസ് കണ്ടെത്താൻ ജോങ്കറിനു സാധിച്ചില്ല. നിശ്ചിത ഓവറിൽ ആറു വിക്കറ്റു നഷ്ടത്തിൽ 165 റൺസിനു ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു

No comments