APP DOWNLOAD

TRENDING

കണ്ണൂര്‍ വിമാനത്താവളം;ദുബായില്‍ നിന്നും ഇന്‍ഡിഗോ വിമാന സര്‍വീസ് ഡിസംബറില്‍ തന്നെ



കണ്ണൂർ: ദുബായിൽനിന്നു കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇൻഡിഗോ വിമാന സർവീസ് ഡിസംബറിൽ ആരംഭിക്കും. ആഭ്യന്തര വിമാന സർവീസുകൾക്കൊപ്പംതന്നെ രാജ്യാന്തര വിമാന സർവീസും നടത്താനാണു ശ്രമിച്ചുവരുന്നതെന്നു ചീഫ് കൊമേഴ്സ്യൽ ഓഫിസർ വില്യം ബോൾട്ടർ പറഞ്ഞു.

സൗദി അറേബ്യയിൽനിന്ന് ഇൻഡിഗോ വിമാന സർവീസ് ഡിസംബറിലോ ജനുവരിയിലോ ആരംഭിക്കുമെന്നും റിയാദ്, ദമാം രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കൊച്ചിയിലേക്കായിരിക്കും സർവീസെന്നും പറഞ്ഞു. ഇതുസംബന്ധിച്ചു സൗദിയുമായുള്ള അന്തിമചർച്ച പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. ദുബായിൽനിന്ന് അഹമ്മദാബാദ്, അമൃത്‌സർ എന്നിവിടങ്ങളിലേക്കും ദോഹയിൽനിന്നു തിരുവനന്തപുരത്തേക്കും അഹമ്മദാബാദിലേക്കും പുതിയ സർവീസ് വൈകാതെ തുടങ്ങും. മസ്കത്ത് - അഹമ്മദാബാദ്, കുവൈത്ത് - ചെന്നൈ, കുവൈത്ത് - കൊച്ചി, കുവൈത്ത് – അഹമ്മദാബാദ് എന്നിവയാണു പുതുതായി തുടങ്ങുന്ന മറ്റു സെക്ടറുകൾ.


നിലവിൽ ഇൻഡിഗോയ്ക്കു ദുബായ്, മസ്കത്ത്, ദോഹ, കുവൈത്ത്, അബുദാബി നഗരങ്ങളിൽനിന്നാണു സർവീസുള്ളത്. മധ്യപൂർവ ദേശത്തുനിന്ന് ഇന്ത്യയിലേക്കു ദിവസേന 68 റിട്ടേൺ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ 26 വിമാനങ്ങളും ദുബായിൽനിന്നാണ്. ]ദോഹ–16, മസ്കത്ത്–8, ഷാർജ–8, കുവൈത്ത്–6, അബുദാബി–4 എന്നീ വിമാനങ്ങളും ഇതിൽ ഉൾപ്പെടും. 180, 186 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന എ320 വിമാനമാണു സർവീസിന് ഉപയോഗിക്കുന്നത്.

No comments