APP DOWNLOAD

TRENDING

ചരിത്ര വിജയവുമായി ഇന്ത്യ: ഇന്നിങ്സിനും 272 റൺസിനും വിൻഡീസിനെ തോൽപ്പിച്ചു


രാജ്കോട്ട്: ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിെര ഇന്ത്യയ്ക്ക് വന്‍ജയം. ഇന്നിങ്സിനും 272 റണ്‍സിനുമാണ് വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്.  ഫോളോ ഓണ്‍ ചെയ്ത് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്സില്‍ 196 റണ്‍സിന് പുറത്തായി.  കുല്‍ദീപ് യാദവ് അഞ്ചു വിക്കറ്റ് വീഴ്ത്തി.   ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 468 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.  രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1–0 ന് മുന്നിലായി. കുല്‍ദീപ് യാദവ്  ആദ്യഅഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. മൂന്ന് ഫോര്‍മാറ്റിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കുല്‍ദീപ്. അശ്വിന്‍ രണ്ട് വിക്കറ്റും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. 83 റണ്‍സെടുത്ത കീറണ്‍ പവല്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചുനിന്നത്.
നേരത്തെ, മൂന്നാം ദിനം  94/6 എന്ന നിലയിൽ കളി പുനഃരാരംഭിച്ച വിൻഡീസ് 181 റൺസിനു പുറത്തായി. നാലു വിക്കറ്റ് നേടിയ അശ്വിനാണ് വിൻഡീസിനെ തകർത്തത്. മൂന്നാം ദിനം കരുതലോടെ തുടങ്ങിയെങ്കിലും അശ്വിന്റെ സ്പിൻ കരുത്തിനു മുൻപിൽ ഏറെ നേരം പിടിച്ചു നിൽക്കാൻ കരീബിയൻ പടയ്ക്കായില്ല.  ഏഴാം വിക്കറ്റിൽ ചേസ്–പോൾ സഖ്യം 73 റൺസ് കൂട്ടിചേർത്തതാണ് വിൻഡീസിനു കുറച്ചെങ്കിലും രക്ഷയായത്. അല്ലെങ്കിൽ ഇതിലും ദയനീയമായേനെ അവരുടെ അവസ്ഥ. മൂന്നാം ദിനത്തിന്റെ പത്താം ഓവറിൽ  47 റൺസെടുത്ത പോളിനെ ഉമേഷ് യാദവ് മടക്കിയതോടെ വിൻഡീസിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. പിന്നീട് വന്ന എല്ലാവർ‌ക്കും അശ്വിന് വിക്കറ്റ് സമ്മാനിച്ച് നൽകാനിയിരുന്നു യോഗം. ചേസ്(53), ലൂയിസ് (0), ഗബ്രിയേൽ (1) എന്നിവരാണ് ഇന്നു പുറത്തായത്. ബിഷു (17) പുറത്താകെ നിന്നു.
രണ്ടാം ദിനം ക്യാപ്റ്റൻ കോഹ്‌ലി 24–ാം സെഞ്ചുറി കണ്ടെത്തിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ആദ്യ സെഞ്ചുറിയാണു ജഡേജ കുറിച്ചത്; അതും സ്വന്തം നാട്ടിൽ. തുടർച്ചയായ മൂന്നു വർഷങ്ങളിൽ ടെസ്റ്റിൽ 1000 റൺസ് പിന്നിട്ടതിന്റെ റെക്കോർഡും കോഹ്‌ലി കുറിച്ചു.ഇന്ത്യൻ ബാറ്റിങ് കരുത്തിനു മുന്നിൽ അടിതെറ്റിയ വിൻഡീസിന് പിന്നീടും തൊട്ടതെല്ലാം പിഴച്ചു. മൂന്നാം ഓവറിൽ  മുഹമ്മദ് ഷാമിയുടെ പന്തിൽ ബ്രാത്‌വെയ്റ്റ് പുറത്ത്. അതൊരു തുടക്കം മാത്രം. കീറൻ പവൽ(ഒന്ന്), ഷായ് ഹോപ്(10), ഹെട്മയേർ(10), ആംബ്രിസ്(12), ഡൗറിച്ച്(10) എന്നിവരും പുറത്തായതോടെ അവർ തികഞ്ഞ സമ്മർദ്ദത്തിലായി.
നാലു വിക്കറ്റിനു 364 റൺസുമായി രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കു അഞ്ചാം വിക്കറ്റായി ഋഷഭ് പുറത്തായതു 470 റൺസിൽ. കോഹ്‌ലിയുടേതു പക്വതയാർന്ന ഇന്നിങ്സായിരുന്നു. മോശം പന്തുകളുമായി ഇടയ്ക്കിടെ റൺവേട്ടയ്ക്ക് അവസരം നൽകിയ വിൻഡീസിനെതിരെ സാഹസത്തിനൊന്നും കോഹ്‌ലി മുതിർന്നില്ല. മൂന്നക്കം കടന്നപ്പോൾ മറ്റൊരു റെക്കോർ‍ഡ് കൂടി കോഹ്‌ലിക്കു സ്വന്തം. 24 ടെസ്റ്റ് സെഞ്ചുറികൾ ഏറ്റവും കുറച്ച് ഇന്നിങ്സിലെത്തുന്നതിൽ രണ്ടാം സ്ഥാനം. 123–ാം ഇന്നിങ്സിലായിരുന്നു കോഹ്‌ലി ഈ നേട്ടം പിന്നിട്ടത്. 66 ഇന്നിങ്സിൽ 24 സെഞ്ചുറിയിലെത്തിയ സാക്ഷാൽ ഡോൺ ബ്രാഡ്മാനാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ സ്കോർ 534 റൺസിൽ കോഹ്‌ലി പുറത്തായി. പിന്നീടെത്തിയ അശ്വിനും(ഏഴ്), കുൽദീപ് യാദവും(12) പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ എട്ടു വിക്കറ്റിന് 571 റൺസ്. ഇതോടെ ജഡേജയുടെ സെഞ്ചുറിയിലായി പ്രതീക്ഷ. ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് ജഡേജ സെഞ്ചുറിയിലേക്കു കുതിച്ചു. 132 പന്തുകളിൽ അഞ്ചു ബൗണ്ടറിയും അഞ്ചു സിക്സറും നിറഞ്ഞ ഇന്നിങ്സ്. 50 റൺസിൽ നിന്നു വെറും 34 പന്തുകളിലാണ് ജഡേജ 98 റൺസിലേക്കു കുതിച്ചത്.
കോഹ്‍ലിയുടെ 24–ാം ടെസ്റ്റ് സെഞ്ചുറി, വേണ്ടിവന്നത് 123 ഇന്നിങ്സുകൾ. 24 ടെസ്റ്റ് സെഞ്ചുറികൾ പൂർത്തിയാക്കാൻ ഏറ്റവും കുറച്ച് ഇന്നിങ്സുകൾ എന്ന നേട്ടത്തിൽ സച്ചിൻ തെൻഡുൽക്കറെ പിന്തള്ളി കോഹ്‍ലി രണ്ടാം സ്ഥാനത്ത്. 24 സെഞ്ചുറികൾ പൂർത്തിയാക്കാൻ ഏറ്റവും കുറച്ച് ഇന്നിങ്സുകൾ വേണ്ടിവന്നത് സർ ഡോൺ ബ്രാഡ്മാനാണ് (66 ഇന്നിങ്സുകൾ) . സച്ചിന് 24 സെഞ്ചുറികൾ പൂർത്തിയാക്കാൻ 125 ഇന്നിങ്സുകൾ വേണ്ടിവന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി മൂന്നു കലണ്ടർ വർഷങ്ങളിൽ ആയിരം റൺസ് തികയ്ക്കുന്ന ആറാമത്തെ താരവും ആദ്യ ഇന്ത്യൻ താരവും എന്ന നേട്ടം കോഹ്‍ലി സ്വന്തമാക്കി. 2016ൽ കോഹ്‍ലി 1215 റൺസും 2017ൽ 1059 റൺസും ഇക്കൊല്ലം 1018 റൺസും തികച്ചു. മാത്യു ഹെയ്ഡൻ (തുടർച്ചയായി അഞ്ചു വർഷങ്ങളിൽ ആയിരം റൺസ്– 2001–05), സ്റ്റീവ് സ്മിത്ത് (തുടർച്ചയായി നാലു വർഷങ്ങളിൽ ആയിരം റൺസ്– 2014–17), ബ്രയൻ ലാറ, മാർക്കസ് ട്രസ്കോത്തിക്, കെവിൻ പീറ്റേഴ്സൻ (തുടർച്ചയായി മൂന്നു വർഷങ്ങളിൽ ആയിരം റൺസ്) എന്നിവരാണ് കോഹ്‍ലിക്ക് മുൻപ്  ഈ  നേട്ടം സ്വന്തമാക്കിയവർ.

No comments