തളിപ്പറമ്പ് മെട്രോ ടൂൾസ് കവർച്ച ശ്രമം; രണ്ടാം പ്രതിയും അറസ്റ്റിൽ
തളിപ്പറമ്പ്: മെട്രൊ ടൂള്‍സ് കവര്‍ച്ചാ ശ്രമക്കേസിലെ രണ്ടാം പ്രതിയും പിടിയില്‍. കാലടി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം വയക്കാട്ട് കൊളക്കാട്ട് പറമ്പില്‍ കെ.പി.നൗഷാദിനെയാണ് ഇന്നലെ രാത്രി കണ്ണൂര്‍ ടൗണില്‍ വെച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍, സീനിയര്‍ സിപിഒ അബ്ദുള്‍ റൗഫ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനതത്തിലാണ് പോലീസ് തെരച്ചില്‍ നടത്തിയത്.
കേസിലെ മറ്റൊരു പ്രതി തൃശുര്‍ മണ്ണംപറ്റ കോടാലി വീട്ടില്‍ പി.ആര്‍.ഷിബു റാഫേല്‍(47) കഴിഞ്ഞ ദിവസം പറശിനിക്കടവിലെ ഒരു ലോഡ്ജില്‍ വെച്ച് പോലീസ് പിടിയിലായിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. കേസില്‍ ഒരു പ്രതിയേക്കുടി ഇനി പിടികിട്ടാനുണ്ടെന്് പോലീസ് പറഞ്ഞു. നേരത്തെ കവര്‍ച്ച കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച് അടുത്തിടെയാണ് ഷിബുവും നൗഷാദും പുറത്തിറങ്ങിയത്. 19 ന് പുലര്‍ച്ചെ ഒന്നോടെ ദേശീയപാതയോരത്തെ മെട്രോ മെഷീന്‍ ടൂള്‍സ് എന്ന കടയുടെ പിന്‍ഭാഗത്തെ ഷട്ടര്‍ തകര്‍ത്ത് മോഷണത്തിന് ശ്രമം നടത്തിയത് ഷിബുവിന്റെ നേതൃത്വത്തില്‍ മൂന്നംഗ കവര്‍ച്ചാ സംഘമാണ്.
മോഷ്ടാക്കള്‍ ഷട്ടര്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നതാണ് ഇവരെ കുടുക്കിയത്. തൃശൂര്‍, പുതുക്കാട്, പാലക്കാട്, പേരാമംഗലം, കോഴിക്കോട് സിറ്റി, കൊയിലാണ്ടി, നാദാപുരം, ധര്‍മ്മടം, കണ്ണൂര്‍ ടൗണ്‍, മട്ടന്നൂര്‍, വളപട്ടണം, തളിപ്പറമ്പ്, കാഞ്ഞങ്ങാട്, ബളാല്‍ സ്റ്റേഷനുകളില്‍ നൗഷാദിന്റെ പേരില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ജയിലില്‍ വെച്ചാണ് നൗഷാദും ഷിബുവും അടുത്തത്. സപ്തംബര്‍ മാസത്തില്‍ പുറത്തിറങ്ങിയതോടെയാണ് സംയുക്തമായി മോഷണം ആസൂത്രണം ചെയ്തത്. പോലീസ് ചോദ്യം ചെയ്തുവരുന്ന നൗഷാദിനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.



No comments