കീച്ചേരി പാലോട്ടുകാവിൽ സ‌്ത്രീകൾക്ക‌് വിലക്കില്ല: ക്ഷേത്ര കമ്മിറ്റി
കണ്ണൂർ: ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടു ചിലർ നടത്തുന്ന വിഷലിപ‌്തമായ പ്രചാരണങ്ങളെ ന്യായീകരിക്കാൻ കീച്ചേരി പാലോട്ടുകാവിനെക്കുറിച്ച‌് വസ‌്തുതാവിരുദ്ധമായ വാർത്തകളാണ‌് മാധ്യമങ്ങളിൽ വരുന്നതെന്ന‌് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ശബരിമലയിൽ അശുദ്ധിയുടെ പേരിലാണ് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നതെങ്കിൽ കന്നിമൂല ഗണപതിയുടെ പേരിലാണ് പാലോട്ടുകാവിൽ സ്ത്രീകൾക്ക് വിലക്കെന്നായിരുന്നു വാർത്ത. പാലോട്ടുകാവിൽ കന്നിമൂല ഗണപതി എന്ന സങ്കൽപമേയില്ല. സ്ത്രീ പ്രവേശനത്തിന് വിലക്കുമില്ല. ഇവിടെ പ്രധാന ആരാധനാമൂർത്തി പാലോട്ടു ദൈവമാണ്. പാലാഴിക്കോട്ട‌് ദൈവമാണ് പാലോട്ട‌് ദൈവം. തിരുമുറ്റം പാലാഴിയാണെന്നാണ് സങ്കൽപം. ഇവിടെ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും അധികം പ്രവേശിക്കാറില്ല. അത് ആരും വിലക്കിയതുകൊണ്ടല്ല; എന്നാൽ തുലാഭാരത്തിനും മറ്റും മുമ്പ‌് സ്ത്രീകൾ തിരുമുറ്റത്ത് പ്രവേശിച്ചിട്ടുണ്ട‌്. അതിന്റെ പേരിൽ അയിത്തം കൽപിക്കുകയോ പുണ്യാഹം തളിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും തിരുമുറ്റത്ത് പ്രവേശിക്കാൻ സ്ത്രീകൾ തയാറാകുന്നുണ്ടെങ്കിൽ ആരും തടയില്ല. 2004ലെ പുനഃപ്രതിഷ്ഠക്ക് ശേഷം സ്ത്രീകളും പുരുഷന്മാരും തിരുമുറ്റത്തിന്റെ ചുറ്റുമതിലിനു പുറത്തുനിന്നാണ് തെയ്യം കാണാറ‌്. എല്ലാവർക്കും സൗകര്യപൂർവം തെയ്യം കാണുന്നതിന‌് ഇതാണ‌് ഫലപ്രദം. തിരുമുറ്റത്ത് ഊരായ‌്മക്കാരും തെയ്യം നടത്തിപ്പുകാരുമാണ‌് പ്രധാനമായും ഉണ്ടാവുക. തെയ്യം ഭക്തജനങ്ങൾക്കിടയിലേക്ക‌് ഇറങ്ങി വന്ന‌് സ‌്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും പ്രസാദം നൽകി അനുഗ്രഹിക്കും.
പാർടി ഗ്രാമമായതിനാൽ സിപിഐ എമ്മിന്റെ നയമാണ് ക്ഷേത്രത്തിൽ നടപ്പാക്കുന്നതെന്ന പ്രചാരണവും വസ്തുതക്ക് നിരക്കുന്നതല്ല. ക്ഷേത്ര ഊരായ്മക്കാരായിരുന്ന കുടുക്കവളപ്പിൽ, നമ്പിടി, തച്ചോളി, കോറോത്ത് എന്നീ കുടുംബങ്ങൾക്ക‌് ഉത്സവ നടത്തിപ്പിന് പ്രയാസമുണ്ടായപ്പോൾ 1976ൽ ജനകീയ കമ്മിറ്റിയെ ഏൽപിക്കുകയായിരുന്നു. മൂന്ന‌് വർഷം കൂടുമ്പോൾ നടത്തുന്ന ജനറൽബോഡി യോഗത്തിലാണ‌് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത‌്. കമ്മിറ്റിയിൽ വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളുണ്ടെന്നും ക്ഷേത്രകമ്മിറ്റി അറിയിച്ചു.



No comments