പരിയാരം ചിതപ്പിലെപൊയില്‍ സബര്‍മതി അക്കാദമിയുടേയും സബര്‍മതി പബ്ലിക്ക് ലൈബ്രറിയുടേയും ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൽ
തളിപ്പറമ്പ്: പരിയാരം ചിതപ്പിലെപൊയില്‍ കേന്ദ്രമാക്കി ആരംഭിക്കുന്ന സബര്‍മതി അക്കാദമിയുടേയും സബര്‍മതി പബ്ലിക്ക് ലൈബ്രറിയുടേയും ഉദ്ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചിതപ്പിലെപൊയില്‍ പറയന്തരത്ത് കൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍ വൈകുന്നേരം നാലിന് പ്രശസ്ത സാഹിത്യകാരന്‍ സി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
കണ്ണൂർ സർവ്വകലാശാല മലയാളം വിഭാഗം തലവന്‍ ഡോ.എ.എം.ശ്രീധരന്‍ സാംസ്‌ക്കാരിക പ്രഭാഷണം നടത്തും. ദേശീയതയും ജനാധിപത്യവും മതേതരത്വവും സോഷ്‌ലിസവും ബഹുസ്വരതയും ചോദ്യം ചെയ്യുന്ന ഇന്നത്തെ കാലത്ത് മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളാണ് അക്കാദമി ആവിഷ്‌ക്കരിക്കുക.
ഇ.ടി.രാജീവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.സുഖദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പയ്യരട്ട നാരായണന്‍, എം.പ്രദീപ്കുമാര്‍, പി.സാജിത, കെ.രാമകൃഷ്ണന്‍, സൗമിനി നാരായണന്‍, പി.രാജീവന്‍ എന്നിവര്‍ പ്രസംഗിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. പത്രസമ്മേളനത്തില്‍ ഇ.ടി.രാജീവന്‍, പി.രാജീവന്‍, പയ്യരട്ട നാരായണന്‍, പി.സുഖദേവന്‍, കെ.പ്രജിത്ത് റോഷന്‍ എന്നിവര്‍ പങ്കെടുത്തു.



No comments