APP DOWNLOAD

TRENDING

പോക്കറ്റടി നടത്തുന്ന സംഘത്തിലെ തലവന്‍ അറസ്റ്റില്‍; പിടികൂടിയത് വളക്കൈ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച്



കണ്ണൂര്: ബസ്സുകളില്‍ തിരക്കുണ്ടാക്കിയും ഉത്സവ സ്ഥലങ്ങളില്‍ തിക്കിത്തിരക്കിയും ആളുകളുടെ പോക്കറ്റടിക്കുന്ന മൂന്നംഗ സംഘത്തിലെ തലവനെ ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരി അറസ്റ്റ് ചെയ്തു. ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ കോട്ടക്കുന്നുമ്മല്‍ ഹൗസില്‍ കെ.കെ.ജാഫര്‍(30) ആണ് അറസ്റ്റിലായത്. വളക്കൈയിലെ ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് ജാഫറിനെ വീടുവളഞ്ഞ് പിടിയിലായത്. ചെറുപഴശ്ശിയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ്സില്‍ ദിവസങ്ങള്‍ക്കു മുമ്പ് യാത്രക്കാരന്റെ പോക്കറ്റടിച്ച കേസിലാണ് ജാഫര്‍ പിടിയിലായത്. ഇയാളുടെ കൂട്ടാളി ആലക്കോട് കപ്പണ സ്വദേശി കൊമ്മച്ചി സിദ്ദിഖ് നേരത്തെ പിടിയിലായിരുന്നു.
പടിയിലായ സിദ്ദിഖില്‍ നിന്ന് ലഭിച്ച സൂചനയനുസരിച്ചാണ് ജാഫറിനെ കണ്ടെത്തിയത്. ജാഫര്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് അറസ്റ്റ്. ചെങ്കല്‍ തൊഴിലാളി സൊസൈറ്റി ജീവനക്കാരന്‍ പുരുഷോത്തമന്റെ ട്രൗസറിന്റെ കീശയില്‍ നിന്നും 1.17 ലക്ഷം രൂപയാണ് ജാഫറും, കൊമ്മച്ചി സിദ്ദിഖും സംഘത്തിലെ മറ്റൊരാളും ചേര്‍ന്ന് കവര്‍ന്നത്. ബസ്സില്‍ കൃത്രിമമായി തിരക്കുണ്ടാക്കിയാണ് പോക്കറ്റടിച്ചത്.
കാല്‍ടെക്സിലെത്തുമ്പോഴേയ്ക്കും പണം പോക്കറ്റടിച്ചത് മനസ്സിലാക്കിയ പുരുഷോത്തമന്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിദ്ദിഖിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ബാറിന്റെ പരിസരത്ത് മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് ടൗണ്‍ പോലീസ് പിടികൂടിയത്. സംഘത്തിലെ മൂന്നാമനെ ഇനിയും പിടികൂടാനുണ്ട്. സി.പി.ഒമാരായ ബാബു പ്രസാദ്, റയീസ്, ലിജേഷ് എന്നിവരും ജാഫറിനെ പിടികൂടുമ്പോള്‍ എസ്.ഐയോടൊപ്പമുണ്ടായിരുന്നു.

No comments