സുപ്രീം കോടതി വിധി ലംഘിച്ച് പയ്യന്നൂരിൽ വീണ്ടും മുത്തലാഖ്; രാമന്തളി സ്വദേശിക്കെതിരെ പരാതിയുമായി യുവതി കോടതിയിൽ.
സുപ്രീം കോടതി വിധി ലംഘിച്ച് പയ്യന്നൂരിൽ വീണ്ടും മുത്തലാഖ്. രാമന്തളി സ്വദേശിക്കെതിരെ പരാതിയുമായി യുവതി കോടതിയിൽ. മുത്തലാഖ് വഴി വിവാഹ ബന്ധം വേർപെടുത്തുന്നത് തടഞ്ഞ് കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കേ, നിയമം ലംഘിച്ച് തന്നെ മൊഴി ചൊല്ലിയെന്ന്‍ കാണിച്ച് തൃക്കരിപ്പൂർ സ്വദേശി കെഎൻ റമീസയാണ് പരാതി നല്‍കിയിരിക്കുന്നത്. ഭർത്താവ് രാമന്തളി സ്വദേശി മുഹസിൻ മുഹമ്മദിനെതിരെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പരാതി നൽകിയത്.
2017 ജനുവരി 15 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തുടർന്ന് മലേഷ്യയിലേക്ക് പോയ മുഹസിൻ മുഹമ്മദ് 2017 ഒക്ടോബറിൽ തിരിച്ചെത്തി. പിന്നീട് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഗർഭിണിയായ തന്റെ വയറ്റിൽ ചവിട്ടിയതിനെ തുടർന്ന് ഗർഭം അലസിപ്പോവുകയും ഇതേ തുടർന്ന് ഗാർഹിക പീഢന പരാതി നൽകിയിരുന്നതായും പറയുന്നു.
ഇതിനിടയിലാണ് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതായി മുഹസിൻ മുഹമ്മദ് ഉടുമ്പുന്തല ജമാഅത്ത് കമ്മറ്റിയെ അറിയിച്ചത്. ഈ വിവരം കമ്മറ്റി റമീസയെ അറിയിച്ചതിനെ തുടർന്നാണ് പരാതിയുമായി കോടതിയിലെത്തിയത്. മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നശേഷം പയ്യന്നൂരിലെ രണ്ടാമത്തെ പരാതിയാണിത്. നേരത്തെ കാങ്കോല്‍ സ്വദേശി യുവതി ഭർത്താവിനും ബന്ധുക്കൾക്കും രണ്ടാം ഭാര്യക്കുമെതിരെ പരാതി നൽകിയിരുന്നു.



No comments