തളിപ്പറമ്പ് താലൂക്കില്‍ റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ ആഡംബര ജീവിതം നയിക്കുന്നവർ; ശക്തമായ നടപടി സ്വീകരിച്ച് അധികൃതര്‍
പയ്യന്നൂര്: പൊതുവിതരണത്തിനുള്ള മുന്‍ഗണനാ ലിസ്റ്റിലെ അനര്‍ഹരെ കണ്ടത്താനായി വീടുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ മണിമാളികകള്‍ കണ്ട് ഞെട്ടി.തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസിന് പരിധിയില്‍ ഉള്‍പ്പെടുന്ന പയ്യന്നൂരിലെ അന്നൂര്‍, തായിനേരി, കൊക്കാനിശ്ശേരി ഭാഗങ്ങളിലെ വീടുകളില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരാണ് കാറുകളും വലിയ വീടുകളുമുള്ള അനര്‍ഹരെ കണ്ടെത്തിയത്. സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പത്തു വീടുകളിലെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ ലിസ്റ്റില്‍ കടന്നുകൂടിയതാണെന്ന് പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തി. ഇത്തരത്തില്‍ കണ്ടെത്തിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഈ നോട്ടീസിന് നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരേ പിഴ ഈടാക്കുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്യും. ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ പിന്നീട് പൊതുവിഭാഗത്തിലേക്ക് മാറ്റി നല്‍കും. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ആര്‍. സുരേഷ്. റേഷനിംങ് ഇന്‍സ്‌പെക്ടര്‍മാരായ ടി.വി. മുഹമ്മദ്, ടി. നന്ദിഷ്, അബ്ദുള്‍ മുത്തലിബ്, ജയിംസ് ജോസ്, ടി.പി. രജിനി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ ലിസ്റ്റില്‍ കയറിയവരെ കണ്ടെത്താനായിരുന്നു പരിശോധന. നേരത്തെ പൊതുജനങ്ങള്‍ക്ക് തെറ്റായ രീതിയില്‍ കടന്നുകൂടിയ റേഷന്‍ കാര്‍ഡുകള്‍ തിരുത്താനുള്ള് അവസരമുണ്ടായിരുന്നു. അത് വിനിയോഗിക്കാത്തവരെ കണ്ടെത്താനാണ് പരിശോധന. ഇത്തരത്തിലുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



No comments