മൊറാഴയില്‍ അജ്ഞാതജീവി ഇറങ്ങി; ഒരാഴ്ച്ചക്കുള്ളില്‍ അജ്ഞാതജീവി കൊന്നത് നാല്മുള്ളന്‍പന്നികളെ ; ജനങ്ങള്‍ ആശങ്കയില്‍
തളിപ്പറമ്പ്: മൊറാഴയില്‍ അജ്ഞാതജീവി ഇറങ്ങി. ഒരാഴ്ച്ചക്കുള്ളില്‍ മൊറാഴയില്‍ അജ്ഞാതജീവി കടിച്ചുകൊന്നത് നാല് മുള്ളന്‍പന്നികളെ. ഇന്നലെയും മുതുവാനി ഭാഗത്ത് ഒരു മുള്ളന്‍പന്നിയുടെ ജഡം കടിച്ചുകീറി കൊന്ന നിലയില്‍ കണ്ടെത്തിയതോടെ ജനം ആശങ്കയിലായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന നിലയാണിപ്പോള്‍. കഴിഞ്ഞ രണ്ടിന് കുമ്മനാട് ഭാഗത്തും മുതുവാനിയിലും മുള്ളന്‍ പന്നിയെ ചത്ത നിലയില്‍ കണ്ടിരുന്നു.
ആറിന് രാവിലെ ആന്തൂര്‍ നഗരസഭാ പരിധിയിലെ മൊറാഴ സ്റ്റംസ് കോളജിന് സമീപത്തെ ജനവാസ കേന്ദ്രത്തിലാണ് മൂന്നാമത് മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടത്. കുടല്‍മാല പുറത്തുചാടിയ നിലയില്‍ കടിച്ചുപറിച്ച നിലയിലാണ് നാല് മൃഗങ്ങളേയും കണ്ടത്. ഒരാഴ്ച്ചക്കിടയില്‍ നാലാമത്തെ മുള്ളന്‍പന്നിയുടെ ജഡമാണ് ഇന്നലെ രാവിലെ നാട്ടുകാര്‍ കാണുന്നത്. രാത്രിയില്‍ നായ്ക്കളുടെ നിര്‍ത്താതെ കുര കേള്‍ക്കുന്നതിനാല്‍ പ്രദേശത്ത് മറ്റേതെങ്കിലും വന്യമൃഗം ഉണ്ടെന്നാണ് നാട്ടുകാരുടെ നിഗമനം.
ഈ ഭാഗത്ത് അടുത്ത കാലത്തായി, മയില്‍, മുള്ളന്‍പന്നി എന്നിവയെ ധാരാളമായി കാണാന്‍ സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭക്ഷണം തേടി മറ്റേതെങ്കിലും വന്യമൃഗങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ടാകാമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. നാട്ടുകാര്‍ തളിപ്പറമ്പ് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. വനം വകുപ്പ് സംഘം അടുത്ത ദിവസം തന്നെ പ്രദേശത്ത് പരിശോധന നടത്തും. ചത്ത മുള്ളന്‍പന്നിയുടെ ജഡം പരിശോധിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പരാതികളെ തുടര്‍ന്ന് വനം വകുപ്പ് റെയിഞ്ചര്‍ പ്രദേശത്ത് ഇന്ന് വ്യാപക തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.



No comments