APP DOWNLOAD

TRENDING

കുപ്രസിദ്ധ പോക്കറ്റടി സംഘത്തിലെ പ്രധാനി പോലീസ് പിടിയില്‍: പ്രതിയെ പിടികൂടാനായത് 1.7 ലക്ഷം രൂപ കവര്‍ന്ന പരാതിയെ തുടര്‍ന്ന്; സംഘത്തിലെ മറ്റ് അംഗങ്ങള്‍ ഒളിവില്‍



കണ്ണൂര്: കണ്ണൂരിലെ ബസ്സുകളിലും മാര്‍ക്കറ്റ ഉത്സവ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും സംഘം ചേര്‍ന്ന് പോക്കറ്റടി പതിവാക്കിയ സംഘത്തിലെ പ്രധാനിയെ ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരിയും സംഘവും പിടികൂടി. ആലക്കോട് കപ്പണ സ്വദേശി കൊമ്മച്ചി സിദ്ദിഖ് (40) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം മയ്യില്‍ ചെറുപഴശ്ശിയില്‍ നിന്നും കണ്ണൂരിലേക്ക് ബസ്സില്‍ യാത്രചെയ്ത ചെങ്കല്‍ തൊഴിലാളി സൊസൈറ്റി ജീവനക്കാരന്‍ പുരുഷോത്തമന്റെ ട്രൗസറിന്റെ കീശയില്‍ നിന്നും 1.17 ലക്ഷം രൂപ കവര്‍ന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിദ്ദിഖ് പിടിയിലായത്. കാല്‍ടെക്സില്‍ ഇറങ്ങുമ്പോഴേയ്ക്കും പുരുഷോത്തമന്റെ പണം കവര്‍ന്നിരുന്നു.
കൊമ്മച്ചി സിദ്ദിഖും മറ്റ് രണ്ടുപേരും ബസ്സില്‍ കയറി ക്രൃത്രിമമായി തിരക്കുണ്ടാക്കിയാണ് പോക്കറ്റടിച്ചത്. ബസ്സുകളിലും ഉല്‍സവ സ്ഥലങ്ങളിലുമൊക്കെ മനഃപൂര്‍വ്വം തിരക്കുണ്ടാക്കി ആളുകളുടെ പോക്കറ്റടിക്കുകയെന്നതാണ് ഇവരുടെ രീതി. പോക്കറ്റടിച്ച് കിട്ടിയ പണം കൊണ്ട് ആര്‍ഭാടമായി ജീവിക്കുകയെന്നതാണ് രീതി. ഇന്നലെ ഒരു ബാറിന്റെ മുന്നില്‍ വച്ചാണ് പോലീസ് സിദ്ദിഖിനെ കുടുക്കിയത്. മൂക്കറ്റം മദ്യപിച്ച നിലയിലായിരുന്നു ഇയാള്‍. ഇയാളുടെ കൂട്ടാളികള്‍ ഓടിരക്ഷപ്പെട്ടു. ഇവരുടെ വിവരങ്ങളും ടൗണ്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ പേരില്‍ മയ്യില്‍, തളിപ്പറമ്പ, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. കണ്ണൂര്‍ ടൗണ്‍പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസില്‍ വാറണ്ടുള്ള പ്രതിയുമാണ്.

No comments