APP DOWNLOAD

TRENDING

റേഷൻ കാർഡ് മുൻഗണനാ പട്ടികയിലെ അനർഹരെ കണ്ടെത്താനുള്ള രണ്ടാംഘട്ട പരിശോധന ആരംഭിച്ചു. അർഹതയില്ലാതെ സമ്പാദിച്ച ബിപിഎൽ, എഎവൈ വിഭാഗങ്ങളിലെ കാർഡുകൾ പിടിച്ചെടുത്തു;തെറ്റായ വിവരങ്ങൾ കാണിച്ചവർക്ക് ഒരവസരം കൂടി


കണ്ണൂർ∙ റേഷൻ കാർഡ് മുൻഗണനാ പട്ടികയിലെ അനർഹരെ കണ്ടെത്താനുള്ള രണ്ടാംഘട്ട പരിശോധന ആരംഭിച്ചു. ഇന്നലെ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ 31 വീടുകളിലാണു കണ്ണൂർ താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർ പരിശോധന നടത്തിയത്. തെറ്റായ സത്യവാങ്‌മൂലം നൽകി അനധികൃതമായി മുൻഗണനാ പട്ടികയിൽ ഇടം നേടിയ അഞ്ച് കാർഡുകൾ പിടിച്ചെടുത്തു. അർഹതയില്ലാതെ സമ്പാദിച്ച ബിപിഎൽ, എഎവൈ വിഭാഗങ്ങളിലെ കാർഡുകളാണ് പിടിച്ചെടുത്തത്. ഇരുനില വീടുകളും ഒന്നിൽ കൂടുതൽ വാഹനങ്ങൾ സ്വന്തമായി ഉള്ളവരും ഉയർന്ന വരുമാനമുള്ളവരുമാണ് വീട്ടുകാരെന്ന് അധികൃതർ വ്യക്തമാക്കി.

ഇവർക്കു നോട്ടിസ് നൽകി. ഭക്ഷ്യസുരക്ഷാ പട്ടികയുമായി ബന്ധപ്പെട്ട മുൻഗണന, മുൻഗണനേതര പട്ടികയിൽ വ്യാപക ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അനധികൃതമായി മുൻഗണനാ പട്ടികയിൽ കയറിക്കൂടിയവർക്ക് സ്വമേധയാ പുറത്തു പോകാൻ ഒന്നിലധികം തവണ അവസരം നൽകിയിട്ടും ആയിരക്കണക്കിന് അനധികൃത റേഷൻ കാർഡുകൾ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണു വിലയിരുത്തൽ. വിവിധ സംഘടനകളും വ്യക്തികളും രേഖാമൂലം പരാതിപ്പെട്ട സ്ഥലങ്ങളിലാണ് ആദ്യം പരിശോധന നടത്തിയത്.

ഇനി ഓരോ റേഷൻ‌കടകൾക്കു കീഴിലും വിശദപരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. ഈ മാസം 5000 അനധികൃത റേഷൻ കാർഡുകളെങ്കിലും കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞവർഷവും സമാന പരിശോധന നടന്നിരുന്നു. അന്ന് ഓരോ മേഖലകളാക്കി തിരിച്ചുള്ള പരിശോധനയായിരുന്നു. ഇതിൽ ഒട്ടേറെ അനധികൃത കാർഡുകൾ പിടിച്ചെടുത്തു. റേഷൻ കാർഡ് പുതുക്കൽ ‌തിരക്കുകാരണം നിർത്തിവച്ച ഫീൽഡ് പരിശോധനയുടെ രണ്ടാം ഘട്ടമാണ് ഇന്നലെ പുനരാരംഭിച്ചത്.

ഒരവസരം കൂടി

∙തെറ്റായ വിവരങ്ങൾ കാണിച്ചു മുൻഗണനാ പട്ടികയിൽ കയറിക്കൂടിയ കാർഡുടമകൾക്കു സ്വമേധയാ ഒഴിഞ്ഞു പോകാൻ‌ ഒരവസരം കൂടി നൽകും. താലൂക്ക് സപ്ലൈ ഓഫിസിൽ കാർഡുമായി നേരിട്ടു ഹാജരായാൽ മതിയെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.1000 ചതുരശ്രയടി മുതൽ വിസ്തീർണമുള്ള വീടുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, നാലുചക്ര വാഹനം സ്വന്തമായുള്ളവർ, മാസവരുമാനം 25,000 രൂപയിൽ അധികമുള്ളവർ എന്നിവർക്കൊന്നും മുൻഗണനാപട്ടികയിലെ കാർഡ് ലഭിക്കാൻ അർഹതയില്ല.

No comments