സിപിഎം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബു വധം;കേസ് അട്ടിമാറിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ സിപിഎം രംഗത്ത്
കണ്ണൂർ: സിപിഎം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആര്‍എസ്എസുകാരായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം തലശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനും 2016 ല്‍ ബാബുവിന് നേരെ നടന്ന വധോദ്യമ കേസ് പുനരന്വേഷിക്കാനും പുതുച്ചേരി പൊലീസ് തയാറാകണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
കൊലപാതകം നടന്ന് മൂന്ന് മാസമാകാറായിട്ടും മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. മൂന്ന് പ്രതികള്‍ ആഴ്ചകളോളം മാഹിക്ക് സമീപത്തെ സ്ഥലത്ത് താമസിക്കുന്നതായി സൂചന ലഭിച്ചിട്ടും റെയ്ഡ് നടത്തി പ്രതികളെ പിടിക്കാന്‍ പൊലീസ് തയാറാകാത്തത് കേസ് അട്ടിമറിക്കപ്പെടുകയാണോ എന്ന ആശങ്ക ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും 2016ലെ വധോദ്യമകേസ് പുനരന്വേഷിക്കുമെന്നും കൊലപാതകം നടന്ന ഉടന്‍ മാഹിയിലെത്തിയ പുതുച്ചേരി ഡിജിപിയും എസ്എസ്പിയും ഉറപ്പു നല്‍കിയതാണ്. അത് നടപ്പാക്കാനുള്ള ബാധ്യത പുതുച്ചേരി ആഭ്യന്തരവകുപ്പിനുണ്ടെന്നും സി.പി.എം ഏരിയാ സെക്രട്ടറി എം.സി പവിത്രന്‍ പറഞ്ഞു.
മയ്യഴി നഗരസഭ മുന്‍ കൗണ്‍സിലറും സിപിഐ എമ്മിന്റെ പള്ളൂരിലെ പ്രധാന നേതാവുമാണ് കൊല്ലപ്പെട്ട ബാബു. സമാനതയില്ലാത്ത അങ്ങേയറ്റം പൈശാചികമായ കൊലപാതകമാണ് മെയ് ഏഴിന് രാത്രി പള്ളൂരില്‍ നടന്നത്. ബാഹ്യ ഇടപെടലിനും സമ്മര്‍ദത്തിനും വഴങ്ങി കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും ശ്രമിക്കുന്നത് ജനരോഷം ആളിക്കത്തിക്കാനേ ഇടയാക്കൂ. അന്വേഷണം ഊര്‍ജിതമാക്കി മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കേണ്ടിവരുമെന്ന് ഏരിയസെക്രട്ടറി എംസി പവിത്രന്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.



No comments