പള്ളിക്കുന്ന് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ അനധികൃത പാര്‍ക്കിംഗ് ; അപകടം പതിവായതോടെ പ്രശ്‌ന പരിഹാരത്തിന് ടൗണ്‍ പോലീസിന് പരാതി നല്‍കി നാട്ടുകാര്‍
കണ്ണൂര്: പള്ളിക്കുന്ന് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ അനധികൃത പാര്‍ക്കിംഗ് വിദ്യാര്‍ഥികള്‍ക്കും മറ്റ് കാല്‍ നടയാത്രികര്‍ക്കും ദുരിതമാകുന്നു. സ്‌കൂളിനു സമീപത്തെ റോഡിന്റെ ഇരുവശങ്ങളിലെ അനധികൃത പാര്‍ക്കിംഗാണ് പ്രശ്‌നമാവുന്നത്.
ഇതുകാരണം വിദ്യാര്‍ത്ഥികള്‍ക്ക് റോഡരികിലൂടെ നടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇന്നലെ വൈകുന്നേരം ഇതുവഴി നടന്നുപോവുകയായിരുന്ന ഒരു വിദ്യാര്‍ഥിക്ക് കാറിടിച്ചു പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പലപ്പോഴും തലനാരിഴയ്ക്കാണ് കുട്ടികള്‍ അപകടത്തില്‍പെടാതെ രക്ഷപെടുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയിലേക്ക് രോഗികള്‍ വരുന്ന വാഹനങ്ങളാണ് കൂടുതലായും ഇവിടെ പാര്‍ക്ക് ചെയ്യുന്നതെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ടൗണ്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.



No comments