അക്ഷയ, ജനസേവനകേന്ദ്രങ്ങളിലെ തട്ടിപ്പ് തടയാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
അക്ഷയ കേന്ദ്രങ്ങളിലെയും ജനസേവനകേന്ദ്രങ്ങളിലെയും തട്ടിപ്പ് തടയാന്‍ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഒരു വ്യക്തിക്ക് ഒരുമാസം ലഭിക്കുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം പത്തില്‍ നിന്ന് അഞ്ചായി ചുരുക്കി. അക്ഷയകേന്ദ്രങ്ങള്‍ക്ക് സമീപം ജനസേവനകേന്ദ്രങ്ങളെന്ന പേരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടാനും ലൈസന്‍സിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ഉത്തരവിട്ടു.
ഇനി മുതല്‍ ഓപ്പണ്‍ പോര്‍ട്ടല്‍ വഴി ഇ–ഡിസ്ട്രിക്ട് പദ്ധതിയില്‍ ഒരാള്‍ക്ക് മാസം അഞ്ച് സര്‍ട്ടിഫിക്കറ്റുകളേ നല്‍കൂ. ജനസേവനകേന്ദ്രങ്ങളെന്ന പേരില്‍ തുടങ്ങുന്ന സ്ഥാപനങ്ങള്‍ പലരുടെ പേരില്‍ ഓപ്പണ്‍ പോര്‍ട്ടല്‍ വഴി പത്തുസര്‍ട്ടിഫിക്കറ്റുകള്‍ വീതമെടുത്ത് നല്‍കുന്നുണ്ട്. ഇതിന്റെ പേരില്‍ വന്‍തുക അപേക്ഷകരില്‍ നിന്ന് ഈടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നസ്ഥാപനങ്ങള്‍ പൂട്ടാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പുതുതായി ലൈസന്‍സ് നല്‍കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. ഓണ്‍ലൈന്‍വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിച്ചാല്‍ ഒ.ടി.പി മുഖേനയേ നല്‍കാവൂ.
ഓണ്‍ലൈനായി അപേക്ഷകളും സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുന്ന സേവനകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് പരസ്യപ്പെടുത്തണം. ഒരു സര്‍ട്ടിഫിക്കറ്റിന് 25 രൂപയേ ചാര്‍ജ് ഈടാക്കാവൂ. ലഭ്യമാകുന്ന സേവനങ്ങളും അവയുടെ നിരക്കും അച്ചടിച്ച മെനുകാര്‍ഡ് അപേക്ഷകര്‍ക്ക് ലഭ്യമാക്കണം. ഇ–ഡിസ്ട്രിക്ട് പദ്ധതി വഴി വില്ലേജ് ഓഫിസില്‍ നിന്നും താലൂക്ക് ഓഫിസില്‍ നിന്നും നല്‍കുന്ന 25 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിനായി സമര്‍പ്പിക്കുന്ന വ്യക്തിഗതവിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍ പല ജനസേവനകേന്ദ്രങ്ങളും മൊബൈല്‍ കമ്പനികള്‍ക്കും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും പണമിടപാട് സ്ഥാപനങ്ങള്‍ക്കും വില്‍ക്കുന്നതായും കണ്ടെത്തിയിരുന്നു.



No comments