പുലിക്കുട്ടിയുടെ ചിറകിലേറി ബ്രസീല്‍ മുന്നേറ്റം തുടരുന്നു; മെക്സിക്കോ പുറത്തേക്ക്
പ്രീക്വാര്ട്ടറില് വമ്പന്മാരുടെ വീഴ്ച്ചകള്‍ക്കിടെ കാനറികളുടെ ജയം 2-0ത്തിന്. സൂപ്പര്‍ താരം നെയ്മര്‍ (51), റോബര്‍ട്ടോ ഫിര്‍മിനോ (88) എന്നിവരാണ് വലകുലുക്കിയത്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും അവസാന എട്ടിലെത്താന്‍ ബ്രസീലിനായി. മെക്‌സിക്കന്‍ ഗോളി ഒച്ചോവയുടെ തകര്‍പ്പന്‍ സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ ബ്രസീല്‍ ജയത്തിന്റെ മാറ്റു കൂടിയേനെ.
ടിറ്റെ 4-3-3 ശൈലിയില്‍ ടീമിനെ ഇറക്കിയത്. മെക്‌സിക്കോയും സമാന ശൈലിയില്‍ മൂന്നു സ്‌ട്രൈക്കര്‍മാരെ അണിനിരത്തിയാണ് കളത്തിലിറങ്ങിയത്. രണ്ടാംമിനിറ്റില്‍ ഗുവാര്‍ഡോയുടെ ക്രോസ് ബ്രസീലിയന്‍ ഗോളി അലിസണ്‍ തട്ടിയകറ്റുന്നത് കണ്ടാണ് കളിക്കു ജീവന്‍ വച്ചത്. തൊട്ടുപിന്നാലെ നെയ്മര്‍ 20 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് മെക്‌സിക്കന്‍ ഗോളി ഒച്ചാവോയും രക്ഷപ്പെടുത്തി. ബ്രസീലിയന്‍ പ്രതിരോധത്തിന് ഏറെ തലവദേന സൃഷ്ടിച്ചത് മെക്‌സിക്കന്‍ സ്‌ട്രൈക്കര്‍ ഹിര്‍വിംഗ് ലോസാനോയുടെ മിന്നല്‍ നീക്കങ്ങളാണ്.
മറുവശത്ത് നിലവില്‍ ഒരു മഞ്ഞക്കാര്‍ഡ് കണ്ടിരിക്കുന്നതിനാല്‍ നെയ്മറും കുട്ടീഞ്ഞോയും കൂടുതല്‍ സൂക്ഷിച്ചാണ് കളിച്ചത്. ബ്രസീലിയന്‍ മുന്നേറ്റങ്ങളെ ഇത് ഒരുപരിധി വരെ ബാധിക്കുകയും ചെയ്തു. ഇരുപത്തഞ്ചാം മിനിറ്റില്‍ നെയ്മറിന്റെ ഒറ്റയാന്‍ മുന്നേറ്റം ഗ്യാലറികളെ ആവേശഭരിതമാക്കിയെങ്കിലും ഒച്ചോവയുടെ ഹീറോയിസത്തെ മറികടക്കാനായില്ല. മുപ്പത്തിരണ്ടാം മിനിറ്റില്‍ കുട്ടീഞ്ഞോ-ജീസസ് മുന്നേറ്റവും ഒച്ചോവയെ തട്ടിത്തെറിച്ചു.
രണ്ടാംപകുതിയില്‍ കൂടുതല്‍ ആസൂത്രണത്തോടെ നീങ്ങുന്ന മഞ്ഞപ്പടയെയാണ് കണ്ടത്. അന്‍പത്തിയൊന്നാം മിനിറ്റില്‍ ബ്രസീല്‍ കാത്തിരുന്ന നിമിഷം വന്നെത്തി. അതും നെയ്മറിന്റെ ബൂട്ടില്‍ നിന്ന്. ബോക്‌സിന് പുറത്തു നിന്നും വില്യന്‍ നല്കിയ മനോഹര ക്രോസ് ഗോളി ഒച്ചോവയെ മറികടന്നപ്പോള്‍ പാഞ്ഞെത്തിയ നെയ്മര്‍ കൃത്യമായി വലയിലേക്ക് ചെത്തിയിട്ടു. മനോഹരമായ ഫിനിഷിംഗ്. ബ്രസീല്‍ 1-0. ഒരുഗോളിന് പിന്നിലായതോടെ മെക്‌സിക്കോ കുറച്ചു പരുക്കനായി. അതോടെ കാര്‍ഡുകളും കൂടുതലായി റഫറി പ്രയോഗിച്ചു തുടങ്ങി.
അന്‍പത്തൊമ്പതാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള അവസരം ബ്രസീലിന് ലഭിച്ചതാണ്. വില്യന്‍ നല്കിയ ക്രോസ് പൗളീഞ്ഞോ കൃത്യമായി ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും ഒച്ചോവ ഇത്തവണ ജാഗരൂകനായിരുന്നു. അവസാന മിനിറ്റുകളില്‍ ഫിര്‍മിനോയും വലകുലുക്കിയതോടെ ബ്രസീല്‍ പടയോട്ടം പൂര്‍ത്തിയായി.




No comments