APP DOWNLOAD

TRENDING

ഉംറ്റിറ്റിയുടെ സൂപ്പർ ഗോളിലൂടെ ഫ്രാൻസ് ഫൈനലിൽ, ഗോൾ വീഡിയോ കാണുക


ലോകകപ്പ് ഫുട്ബോൾ ആദ്യ സെമിയിൽ ബൽജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ പ്രവേശിച്ചു. 51ാം മിനിറ്റിൽ ഗ്രീസ്മാനെടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു ആരാധകർ കാത്തിരുന്ന ഗോൾ പിറന്നത്. ഉംറ്റിറ്റിയുടെ ഉഗ്രൻ ഹെഡറായിരുന്നു വല കുലുക്കിയത് (1-0). ഫൈനലിൽ ഇംഗ്ളണ്ട് -ക്രൊയേഷ്യ മത്സര വിജയികളെ നേരിടും.  മൂന്നാം തവണയാണ്  ഫ്രാൻസ് ഫൈനലിൽ കടക്കുന്നത്.

കറുത്ത കുതിരകളെന്ന വിശേഷണവുമായെത്തിയ ബൽജിയം പൊരുതിത്തന്നെയാണ് തോറ്റത്. പലപ്പോഴും ഭാവനാത്മകമായ മുന്നേറ്റങ്ങളിൽ അവർ ഫ്രാൻസിനെ പിന്തള്ളി. തുടർച്ചയായ ആക്രമണങ്ങൾ ഒരു ഘട്ടത്തിൽ ഫ്രാൻസ് വശംകെട്ടു. നിർഭാഗ്യവും ഫ്രാൻസ് ഗോളിയുടെ മികവും ബൽജിയത്തിനും ജയത്തിനും ഇടയിൽ വിലങ്ങുതടിയായി.


മത്സരത്തിന്റെ ആദ്യ പകുതി സമനിലയിലായിരുന്നു. ഇരു ടീമുകൾക്കും ഗോളുകൾ നേടാനായില്ല. കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഫ്രാൻസിന്റെ മുന്നേറ്റം. ബൽജിയത്തിന്റെ കരുത്ത് ഒട്ടും കുറച്ചു കാണാതെയായിരുന്നു ഫ്രാൻസിന്റെ നീക്കങ്ങൾ.

മൂന്നാം മിനിറ്റിൽ ബൽജിയയവും ആക്രമണം തുടങ്ങി. അതും ഒന്നിനു പിറകെ ഒന്നായി. ബ്രസീലിനെ മുട്ടു കുത്തിച്ച ആവേശം ഒട്ടും ചോരാതെയായിരുന്നു ഫ്രാൻസിനേയും നേരിട്ടത്. കളിയുടെ തുടക്കത്തിൽ ഇരുടീമുകളും ആക്രമണ ഫുട്ബോൾ കാഴ്ച വച്ചു. എന്നാൽ അതൊന്നും ഗോളിലേക്കെത്താൻ പര്യാപ്തമായിരുന്നില്ല. 12ാം മിനിറ്റിൽ എംബപെയുടെ അപകരമായ ഒരു മുന്നേറ്റം ഗോളി കുര്‍ട്ടോയ്‌സ് മുന്നോട്ടു കയറി വന്ന് പന്ത് പിടിച്ചെടുത്ത് രക്ഷിച്ചു.

മറുപടിയെന്നോണം തൊട്ടുപിന്നാലെ ബൽജിയത്തിന്റെ ഡിബ്രൂയിനിന്റെ നീക്കം. പക്ഷെ പന്ത് പോസ്റ്റിനു പുറത്തേക്ക്. 19ാം മിനിറ്റിൽ ഗോളിൽ നിന്നും ഫ്രാൻസ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമായിരുന്നു. ഡി ബ്രൂയിന്റെ ഷോട്ട് ഫ്രാൻസ് താരത്തിന്റെ തലയിൽ തട്ടി ബാറിനു തൊട്ടുമുകളിലൂടെ പാഞ്ഞു. തീർന്നില്ല. വീണ്ടും ബൽജിയത്തിന്റെ ചടുലമായ നീക്കങ്ങൾ. പലതും ഗോളിനരികെ വരെയെത്തി. 22 ാം മിനിറ്റിൽ ബൽജിയത്തിന്റെ ഷോട്ട് ഗോളി ഏറെ കഷ്ടപ്പെട്ടാണ് തട്ടിയകറ്റിയത്. ഗോളി ലോറിസിന്റെ മികവായിരുന്നു പലപ്പോഴും ഫ്രാൻസിന്റെ വല കുലുങ്ങാതെ കാത്തത്. 29ാം മിനിറ്റിൽ എംബപെയെ വീഴ്ത്തിയതിനു ഫ്രാൻസിനു അനുകൂലമായി ഫ്രീകിക്ക്. കിക്ക് ലക്ഷ്യം കണ്ടില്ല. ബൽജിയം നിരയിൽ ഹസാർഡ് പലപ്പോഴും ഒറ്റയ്ക്കു നീക്കങ്ങൾ നടത്തി. 39ാം മിനിറ്റിൽ ഗോൾ വീഴ്ത്താൻ ഫ്രാൻസിനു മികച്ചൊരവസരം. പക്ഷെ പവാർഡിന്റെ കിക്ക് ഗോളി തട്ടിയകറ്റി. ആദ്യ പകുതി അവസാനിക്കാനിരിക്കെ ഫ്രാൻസിന് അനുകൂലമായി ഒരു ഫ്രീകിക്ക്. പോഗ്ബെയെ വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. പക്ഷെ കിക്ക് ഗോളാക്കി മാറ്റാനായില്ല.

No comments