തളിപ്പറമ്പിൽ അന്യ സംസ്ഥാന മത്സ്യങ്ങളും വളർത്ത് മത്സ്യങ്ങളും ഒഴിവാക്കുമെന്ന് തൊഴിലാളികൾ
തളിപ്പറമ്പ് : അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങൾ ഭക്ഷ്യസുരക്ഷ മാനദണ്ഡം ലംഘിക്കുന്നു എന്ന് ബോധ്യപ്പെട്ടതിനാൽ തളിപ്പറമ്പ് മത്സ്യ മാർക്കറ്റിൽ അന്യസംസ്ഥാന മത്സ്യങ്ങളുടെയും വളർത്ത് മത്സ്യങ്ങളുടെയും വിൽപന പൂർണമായും നിർത്തലാക്കുന്നു. *സ്വതന്ത്ര മത്സ്യവിൽപന തൊഴിലാളി യൂണിയൻ (എസ്ടിയു) തളിപ്പറമ്പ മുനിസിപ്പൽ* കമ്മിറ്റിയാണ് ഇത്തരത്തിൽ തീരുമാനമെടുത്തത്. പ്രാദേശികമായി ലഭിക്കുന്ന പുതിയ മത്സ്യങ്ങൾ മാത്രമേ വിൽക്കുവാൻ അനുവദിക്കുകയുള്ളൂവെന്നും യൂണിയൻ തീരുമാനമെടുത്തു.
വൻകിട കയറ്റുമതി കമ്പനികളിലേക്ക് കൊണ്ടു പോകുന്ന മത്സ്യം ആരോഗ്യ വകുപ്പ് പിടിച്ചെടുത്തിട്ടും കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിക്കാത്ത സർക്കാർ നയത്തിൽ യോഗം പ്രതിഷേധിച്ചു. ഇത്തരം കമ്പനികളുടെ പേരുകൾ പോലും വെളിപ്പെടുത്താതെ മത്സ്യ വിൽപനയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളെ ബാധിക്കുന്ന വിധത്തിൽ പ്രചാരണങ്ങൾ നടക്കുന്നതിലും യോഗം പ്രതിഷേധിച്ചു.
കേരള തീരങ്ങളിൽ സുലഭമായി ലഭിക്കുന്ന മത്സ്യങ്ങൾ ഇപ്പോൾ എന്ത് കൊണ്ടാണ് ലഭിക്കാത്തതെന്നും എന്തുകൊണ്ടാണ് അന്യസംസ്ഥാന മേഖലയെ ആശ്രയിക്കേണ്ടി വരുന്നതെന്നും മനസ്സിലാക്കി ശക്തമായ നടപടിയും പൊതുജനത്തിന് ബോധവത്ക്കരണവും വേണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
*ടി.മൂസാൻ്റെ* അദ്ധ്യക്ഷതയിൽ *എ.വി.മുഹമ്മദ് ശരീഫ്* ഉദ്ഘാടനം ചെയ്തു.
*പി.കെ.നിസാർ, എം.പി.ഇസ്മായിൽ, ഇ.അഷ്റഫ്, ഓലിയൻ ജാഫർ, കെ.മുഹമ്മദലി, കെ.അബ്ദുള്ള,* എന്നിവർ ചർച്ചയിൽ പങ്കെടുത്തു.



No comments